ചാക്കോച്ചിയും ജൂനിയർ ചാക്കോച്ചിയും വെള്ളിത്തിരയിൽ ഒന്നിക്കുന്നു ; ‘ലേലം 2’ ഉടൻ

March 10, 2019

സുരേഷ് ഗോപി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ‘ലേല’ത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജി പണിക്കരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന ചിത്രമായിരിക്കും’ലേലം-2’. അതേസമയം ചിത്രത്തിൽ ഗോകുൽ സുരേഷും എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

ലേലം 2 വിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വേഷമിടുമ്പോൾ കൊച്ചു ചാക്കോച്ചിയായാണ് ഗോകുൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ ഗോകുലും ഉണ്ടായിരിക്കുമെന്ന വിവരം സുരേഷ് ഗോപിയാണ് വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലേലം-2 വിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞതായും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന.

പോലീസ് വേഷങ്ങളിലൂടെയും തനി നാടൻ കഥാപാത്രങ്ങളിലൂടെയുമൊക്കെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ സുരേഷ് ഗോപിയുടെ തനി പകർപ്പാണ് മകൻ ഗോകുൽ സുരേഷ്. അച്ഛനെപ്പോലെ സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഗോകുലും.

അടുത്തിടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിൽ മുണ്ടുടുത്ത് മാസ്സ് സ്റ്റൈലിലിൽ എത്തിയ ഗോകുലിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇതോടെ അച്ഛന്റെ അതെ പകർപ്പാണ് മകനെന്നും, ഇത് ജൂനിയർ ചാക്കോച്ചിയാണെന്നുമാണെന്നുമാണ് ആരാധക പക്ഷം. ഇതോടെ ഗോകുലിന് പുതിയ പേരും ചാർത്തപെട്ടു ജൂനിയർ ചാക്കോച്ചിയെന്ന്. എന്നാൽ ഇപ്പോൾ ഗോകുൽ ശരിക്കും ജൂനിയർ ചാക്കോച്ചിയാകാൻ ഒരുങ്ങുകയാണ്.

അതേസമയം ഗോകുല്‍ സുരേഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിനും  മികച്ച പ്രതികരണമാണ് ലഭിച്ചികൊണ്ടിരിക്കുന്നത്.