അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..

March 28, 2019

ലൂസിഫർ എന്ന ചിത്രം കണ്ട് തിയേറ്ററുകളിൽ നിന്നും ഇറങ്ങുന്ന ഓരോ  പ്രേക്ഷകനും പറയാനുള്ളത് രോമാഞ്ചിഫിക്കേഷന്റെ നിമിഷങ്ങളെക്കുറിച്ചാണ്.. മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ എന്ന അതുല്യപ്രതിഭ വെള്ളിത്തിരയിൽ നിറഞ്ഞാടിയ മറ്റൊരു മാസ് ചിത്രം കൂടി മലയാളികൾക്ക് സമ്മാനിച്ചിരിക്കുകയാണ് പൃഥ്വിരാജ് എന്ന നവാഗത സംവിധായകൻ.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ്   ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും  അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്..

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം.

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക്  ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന  നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

“ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമുകള്‍ ഇവനെ ഇബിലീസ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രം” അതാണ് ലൂസിഫർ. ട്രെയ്‌ലർ റിലീസ് ചെയ്‌തതുമുതൽ മലയാളക്കര കെട്ടടങ്ങാത്ത ആവേശത്തിലായിരുന്നു. ലൂസിഫർ എന്ന അവതാരത്തെ കാണാനുള്ള അടങ്ങാത്ത ആവേശത്തിൽ. ആവേശവും ആകാംഷയും ഒട്ടും ചോരാതെ ആദ്യം പകുതി വരെ ആരാധകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിഞ്ഞെങ്കിൽ. സിനിമാപ്രേമികൾക്കിടയിൽ   ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിക്കുകയായിരുന്നു രണ്ടാം ഭാഗം.

ഓരോ കഥാപാത്രങ്ങളിലൂടെയും പറഞ്ഞുതുടങ്ങിയ കഥകൾ ശുഭപര്യവസായിയായപ്പോൾ കാണാനായത്  സംവിധാനത്തിലെ മികവും മുരളി ഗോപി എന്ന എഴുതി തഴക്കം വന്ന തിരക്കഥാകൃത്തിന്റെ കഴിവുമാണ്. ചിത്രത്തിന്റെ ഓരോ സെക്കന്റിലും ആരാധകർക്ക് ആകാംഷ ജനിപ്പിക്കുന്നതെന്തോ കരുതിവെച്ച സംവിധായകൻ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ ചിത്രത്തിന്  ഒരു തുടക്കക്കാരന്റെ പതർച്ചയോ, അനുഭവസമ്പത്തിന്റെ കുറവോ  ഉണ്ടായിരുന്നില്ല എന്നത് ഞെട്ടിക്കുന്അത്ഭുതപ്പെടുത്തുന്ന ഒരു വാസ്തവമാണ്.

ചിത്രത്തിലെ എടുത്തുപറയേണ്ട മറ്റൊന്ന് ഫ്രെയിമുകളാണ്. കേരളത്തിന്റെ മനോഹാരിതയും റഷ്യയുടെ വശ്യതയും ക്യാമറകണ്ണുകളിലൂടെ പകർത്തിയത്തോടെ ചിത്രത്തിന്റെ സൗന്ദര്യം രണ്ടിരട്ടി വർധിച്ചുവെന്നുതന്നെ പറയാം. മാസിനൊപ്പം ക്‌ളാസും പറഞ്ഞ ചിത്രത്തിൽ ആരാധകർ കാണാതെ പോകരുത് ചിത്രം നിലനിർത്തിയ നന്മയുടെ മൂലകങ്ങളായ മതസൗഹാർദ്ദവും, മനുഷ്യത്യവുമൊക്കെ.

‘ഒരു ജനസേവകന്റെ കസേര എപ്പോഴും പുതിയത് പോലെ ഇരിക്കും കാരണം അവനറിയാം അവൻ അവിടെ ഇരിക്കാൻ മാത്രം വന്നവനല്ലായെന്ന്..’ ആരാധകരെ കയ്യടിപ്പിച്ച ഇത്തരം പഞ്ച് ഡയലോഗുകൾ ചിത്രത്തിൽ ഉടനീളം സൃഷ്‌ടിച്ചത്‌ തിയേറ്ററിലെ ആവേശം മാത്രമല്ല, ചിന്തയുടെ വിപ്ലവം കൂടിയാണ്… ഇതുപോലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഓരോ മരണമാസ് ഡയലോഗുകൾക്കും തിയേറ്ററുകളിൽ നിറഞ്ഞ കൈയടികളായിരുന്നു.

അനു ജോർജ്