‘മഞ്ഞുമ്മൽ ബോയ്സ്’ സീൻ മാറ്റി മക്കളെ; പ്രേക്ഷകരെറ്റെടുത്ത് മഞ്ഞുമ്മലിലെ പിള്ളേരുടെ സർവൈവൽ ത്രില്ലർ

February 22, 2024

സൗഹൃദം അടയാളപ്പെടുത്തിയ സ്‌നേഹത്തെ, അത്രമേൽ ആഴമേറിയ ചേർത്തുനിർത്തലിനെ മനോഹരമായി വരച്ചുകാട്ടി പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് ഒരു മലയാള സിനിമ..! അതാണ് യഥാർഥ സംഭവത്തെ വെള്ളിത്തിരയിലെത്തിച്ച മഞ്ഞുമ്മൽ ബോയ്സ്. 2006-ൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൊടൈക്കനാലിലേക്കുള്ള യാത്രയും അവിടെ നിന്ന് അവർ നേരിട്ട പ്രതിസന്ധികളുമാണ് ചിത്രത്തിനാധാരം. ഒരു സംഭവ കഥ സിനിമയാക്കുമ്പോൾ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ മികച്ച രീതിയിൽ മറികടന്ന് തന്നെയാണ് സംവിധായകൻ ചിദംബരം സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ആദ്യദിനം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയാണ് മഞ്ഞുമ്മലിലെ ഈ സൗഹൃദകൂട്ടത്തിന്റെ കഥ. ( Manjummel Boys movie review )

ജാനെമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് സംവിധാന മികവ് കൊണ്ടുകൂടി ശ്രദ്ധേയമാവുകയാണ്. മഞ്ഞുമ്മലിലെ കൂട്ടുകാരിലൊരാൾ കൊടൈക്കനാലിലെ ഗുണ കേവിലെ വലിയ ഗർത്തത്തിൽ അകപ്പെട്ട് പോകുന്നത് മലയാളികൾക്ക് വായിച്ചറിവ് മാത്രമുള്ള ഒരു സംഭവമായിരുന്നു. അത് പ്രേക്ഷക ഹൃദയത്തിൽ തൊടുന്ന വിധം അവതരിപ്പിക്കുന്നതിൽ ചിദംബരം എന്ന സംവിധായകൻ പൂർണാർത്ഥത്തിൽ വിജയിച്ചു. സൗഹൃദത്തിന്റെ കഥ പറഞ്ഞു എന്നതിനപ്പുറം ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം.

ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഗുണ കേവിന്റെ അടക്കുമുള്ള ദൃശ്യഭംഗി കയ്യടി നേടിയതാണ്. സിനിമ കണ്ടിറങ്ങുന്നവരെല്ലാം സിനിമ സമ്മാനിക്കുന്ന ദൃശ്യഭംഗിയുടെ കാഴ്ചാനുഭവത്തെ പറ്റി കൂടി വാചാലരാവുകയാണ്. ഷൈജു ഖാലിദാണ് ചിദംബരത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. യഥാർഥ സംഭവത്തേയും അത് നടക്കുന്ന കാലഘട്ടത്തെയും മികവാർന്ന് വെള്ളിത്തിരയിലെത്തിച്ചിരിക്കുന്ന ചിത്രത്തിന്റെ എഴുത്തിന് പിന്നിലും സംവിധായകൻ ചിദംബരമാണ്.

ഇഴയടുപ്പമുള്ള 11 കൂട്ടുകാരായെത്തുന്നത് സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ഗണപതി, ബാലു വർ​ഗീസ്, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ചന്തു സലിംകുമാർ, ജോർജ് മാരിയാൻ തുടങ്ങിയവരാണ്. മികച്ച അഭിനയ പ്രകടനം നടത്തിയ ഇവർ ഭീതിയുടെ, ടെൻഷന്റെ, സ്നേഹത്തിന്റെ യാത്രയിലേക്ക് പ്രക്ഷകനെയും കൂടെ കൂട്ടുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന് നേരത്തെ തന്നെ ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം പറഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകമാണ് ഇതിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ഒരുപാടുള്ള ചിത്രം മസ്റ്റ് വാച്ച് ആകുന്നത് സംഗീതം കൊണ്ട് കൂടിയാണ്. അജയൻ എന്ന കലാ സംവിധായകന്റെ മികവും എടുത്ത് പറയേണ്ടതാണ്.

Read Also : മത്സരപരീക്ഷകളിൽ പരാജയം; സ്വപ്നം പിന്തുടർന്ന് ‘ചായ് സുട്ട ബാർ’ എന്ന ചായക്കട ആരംഭിച്ചു- ഇന്ന് വിറ്റുവരവ് 150 കോടി!

മികച്ച തീയേറ്റർ അനുഭവം ഉറപ്പ് നൽകുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷകരെറ്റെടുത്തു, ഇനിയും തീയേറ്ററിലേക്ക് പ്രേക്ഷക ഒഴുക്ക് തുടരും എന്നുറപ്പിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

Story highlights : Manjummel Boys movie review