പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…

March 16, 2019

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.  മലയാളത്തിലെ മികച്ച താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതേസമയം ലൂസിഫർ എന്ന ചിത്രം തനിക്ക് ഡബിൾ ലോട്ടറിയാണെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ഒരുപാട് കേട്ട ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതും, ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിച്ചതും, പൃഥ്വിരാജ് എന്ന വലിയ കലാകാരന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതും തന്റെ ഭാഗ്യമാണെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

അതോടൊപ്പം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു  മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ ലൂസിഫറിലെ പുതിയ ലുക്ക്.  മീശയും തായുമൊന്നുമില്ലാതെ കലിപ്പ് നോട്ടത്തോടെയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. മഞ്ജുവിന്റെ അനിയനായാണ് ടൊവിനോ വേഷമിടുന്നത്. മുതിർന്ന രാഷ്ട്രീയ നേതാവ് പി.കെ. രാംദാസിന്റെ മക്കളായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായ് കാത്തിരിക്കുന്നതും.

സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ആഴ്മുചകള്‍ക്കു മുന്നേയാണ് 26 ദിവസങ്ങള്‍ക്കൊണ്ട് 26 വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

Read more:സൗബിനും ജോജുവും പിന്നെ റിമയും; ഭദ്രന്റെ ‘ജൂതനെ’ പരിചയപ്പെടുത്തി മോഹൻലാൽ

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും സംവിധായകനായ ഫാസിലും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എന്തായാലും ചിത്രത്തിനായ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.