പ്രഭുദേവയ്ക്കു മുമ്പില്‍ അനുസരണയോടെ ധനുഷും സായി പല്ലവിയും; റൗഡി ബേബിയുെട മെയ്ക്കിങ് വീഡിയോ

March 2, 2019

അടുത്തകാലത്ത് ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് ‘റൗഡി ബേബി’. ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനരംഗം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തും ഈ ഗാനം തന്നെയാണ്. സായ് പല്ലവിയും ധനുഷും ചേര്‍ന്ന് ചുവടുവെച്ച ഗാനം ഇരുപത്തിയാറ് കോടിയിലേറെ പേരാണ് യു ട്യൂബിലൂടെ മാത്രം കണ്ടത്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഈ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രഭുദേവയ്ക്കു മുമ്പില്‍ അനുസരണയോടെ നില്‍ക്കുന്ന സായി പല്ലവിയെയും ധനുഷിനെയും മെയ്ക്കിങ് വീഡിയോയില്‍ കാണം. പ്രഭുദേവയുടെ ഓരോ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ ഇവര്‍ പാലിക്കുന്നു. അതുകൊണ്ടുതന്നെയാവാം ഒരു പക്ഷെ ഈ ഗാനത്തിന് ഇത്ര ഭംഗിയേറിയതും.

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെരംഗത്തെത്തിയിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങില്‍ ഒന്നാമതെത്തിയ ഗാനമാണ് റൗഡി ബേബി. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസും ചിത്രത്തിലെത്തിയിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബീജ’ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്.

Read more:ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയെടുത്തു; ഒടുവില്‍ സംസ്ഥാന അവാര്‍ഡ്

2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ ‘മാരി’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.