‘മധുരരാജ’യുടെ ടീസറും ‘ലൂസിഫറി’ന്റെ ട്രെയ്ലറും പുറത്തിറങ്ങുന്നത് ഒരേ ദിവസം
മലയാള ചലച്ചിത്ര ലോകത്ത് പകരം വെയ്ക്കാനില്ലാത്ത രണ്ട് പ്രതിഭകളാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ഇരുവര്‍ക്കുമുള്ള ആരാധകരുടെ എണ്ണവും അനവധിയാണ്. ഇരുവരുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മധുരരാജ”യും മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ലൂസിഫറും’. ഇരു ചിത്രങ്ങളുടെയും ടീസര്‍, ട്രെയ്ലര് പുറത്തിറങ്ങുന്നത് ഓരേ ദിവസമാണെന്നുള്ളതാണ് ചലച്ചിത്രലോകത്തെ കൗതുക വാര്‍ത്ത. മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങുന്ന മാര്‍ച്ച് 22 ന് തന്നെയാണ് ലൂസിഫറിന്റെ ട്രെയ്ലറും പുറത്തിറങ്ങുക.
തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മധുരരാജ’. കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ്കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ‘പോക്കിരിരാജ’ തീയറ്ററുകളിലെത്തിയത്. ‘മധുരരാജ’യും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അനുശ്രീ. ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്.കെ സുരേഷ്, വിജയരാഘവന്, സലീം കുമാര്‍, മണിക്കുട്ടന്, നോബി, അജു വര്‍ഗീസ്, ധര്മ്മജന്, ബിജുകുട്ടന്, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.
Read more:ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം
അതേസമയം മലയാളത്തിന്റെ പ്രിയതാരം പൃഥിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യര്‍, സംവിധായകന് ഫാസില്‍ തുടങ്ങിയ വന്‍ താരനിര തന്നെ ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.ലൂസിഫറിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍. എന്തായാലും രണ്ട് ചിത്രങ്ങള്‍ക്കു വേണ്ടിയും ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.