കൊച്ചുമകൾ മറിയത്തിനൊപ്പം മമ്മൂക്ക; പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകർ

March 21, 2019

ഉപ്പയെയും ഉപ്പൂപ്പയെയും പോലെതന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടിയുടെ കൊച്ചുമകൾ, ദുൽഖർ സൽമാന്റെ കുഞ്ഞുമകൾ മറിയം. ഇപ്പോഴിതാ മലയാളികൾ ഒന്നടങ്കം ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് മമ്മൂക്കയുടേയും മറിയത്തിന്റെയും ഒരു ക്യൂട്ട് ചിത്രം. മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് മടിയിൽ ഇരിക്കുന്ന കുട്ടി മറിയത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ നിമിഷനേരങ്ങൾ കൊണ്ടാണ് തരംഗമായത്.


വൈറലായ ഈ ചിത്രത്തിന് പിന്നാലെ മമ്മൂട്ടിയുടെ പഴയ കുടുംബ  ചിത്രവും ആരാധകരിൽ ചിലർ ഷെയർ ചെയ്തിരുന്നു. ഈ ചിത്രത്തിനും നിറഞ്ഞ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

മലയാളത്തിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിക്കും, ബോളിവുഡിൽ വരെ തിരക്കുള്ള താരമായി മാറിയ ദുൽഖറിനെയും പോലെ കൊച്ചുമകൾ മറിയത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കൊച്ചുമകൾക്കൊപ്പമുള്ള ചിത്രവും വൈറലായിരിക്കുന്നത്.

‘പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ’ എന്ന പറഞ്ഞാണ് ആരാധകർ മമ്മൂക്കയുടെ ചിത്രത്തിനൊപ്പം എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

Read also: ലോകത്തിന് മുഴുവൻ പ്രചോദനമായി ഈ ദമ്പതിമാർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 25 ന് തീയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.