”ബിജു മേനോനും ആസിഫ് അലിയും ഒരു കരപറ്റി, ഇത് സൂപ്പര്‍ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ”; ‘മേരാ നാം ഷാജി’യില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബൈജു: വീഡിയോ

March 14, 2019

‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങല്‍. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായെത്തിയപ്പോഴായിരുന്നു താരങ്ങള്‍ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. ‘ബിജു മോനോനും ആസിഫ് അലിയും ഒരു കര പറ്റി, ഇത് സൂപ്പര്‍ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ’ എന്നാണ് ബൈജു ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. ബൈജുവിന്റെ ഈ വാക്കുകള്‍ പ്രേക്ഷകര്‍ക്കും ചിത്രത്തെക്കുറിച്ച് പ്രതീക്ഷ പകരുന്നുണ്ട്,

മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റരില്‍മാന്‍ ഷാജിയുടെയും കഥ. ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഷാജി എന്നത് കിടിലന്‍ പേരാണെന്നും കേരളത്തിലുള്ള ല്ലൊവരും ഷാജീന്ന് പേരിട്ടാല്‍ നല്ലതണെന്നുമൊക്കെ ടീസറില്‍ പറഞ്ഞുവെയ്ക്കുന്നു. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ ‘നീയാണോടാ ഈ അലവലതാ ഷാജി…’ എന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ചിരി സമ്മാനിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും.

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Read more:ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സൈക്ലിസ്റ്റായ് രജിഷ; പുതിയ ചിത്രം വരുന്നു

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് മേരാ നാം ഷാജിയുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.