ഗായകനെ മലയാളം പഠിപ്പിച്ച് നാദിര്‍ഷ; ‘മേരാ നാം ഷാജി’യിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ

March 21, 2019

വെള്ളിത്തരിയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു എന്ന പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുടെയും കഥ.

ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് മേര നാം ഷാജിയിലെ ഒരു ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ. ചിത്രത്തിലെ മര്‍ഹബ… എന്ന ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്തിരനിലെ കിളിമഞ്ചാരോ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജാവേദ്. എന്നാല്‍ ഇത് ആദ്യമായാണ് ജാവേദ് ഒരു മലയാളം പാട്ട് ആലപിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷ ജാവേദിനെ പാട്ടിലെ മലയാളം വാക്കുകള്‍ പഠിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം മേര നാം ഷാജി എന്ന സിനിമയ്ക്കു വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച ഒരു ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മലയാളവും തമിഴും ചേര്‍ത്തുകൊണ്ടുള്ള സുന്ദര ഗാനത്തിന്റെ വീഡിയോയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രേയ ഘോഷാലിനൊപ്പം രഞ്ജിത്തും ചേര്‍ന്നാണ് ആലാപനം. ഗാനത്തിലെ തമിഴ് വരികള്‍ ശ്രേയയും മലയാളം വരികള്‍ രഞ്ജിത്തും ആലപിച്ചിരിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീത സംവിധായകന്‍. മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇത്. ആസിഫ് അലിയും നിഖിലാ വിമലുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്.

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് ‘മേരാ നാം ഷാജി’യുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.