ഡാര്‍ക് മോഡ് ഫീച്ചര്‍ അവതരിപ്പിച്ച് മെസഞ്ചര്‍

March 5, 2019

ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചര്‍ ഉപയോഗ്താക്കള്‍ക്ക് എന്നും പ്രീയപ്പെട്ടതാണ്. പുത്തന്‍ ഫീച്ചറുകള്‍ ഇടയ്ക്കിടെ മെസഞ്ചറില്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രീയപ്പെട്ട ഉപയോക്താക്കളക്കായി പുതിയൊരു ഫീച്ചര്‍ അവരിപ്പിച്ചിരിക്കുകയാണ് മെസഞ്ചര്‍. ഡാര്‍ക്ക് മോഡ് എന്നാണ് ഈ ഫീച്ചറിന്റെ പേര്.

രാത്രികാലങ്ങളിള്‍ ചാറ്റു ചെയ്യുന്നതിനാണ് പ്രധാനമായും ഡാര്‍ക് മോഡ് ഗുണം ചെയ്യുക. ആന്‍ഡ്രോയ്ഡ് ഐഒഎസ് പതിപ്പുകളില്‍ പുതിയ സൗകര്യം ലഭ്യമാക്കിയിട്ടണ്ട്. എന്നാല്‍ എല്ലാ ഫോണുകളിലും ഡാര്‍ക് മോഡ് സംവിധാനം എത്തിയിട്ടില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

പുതിയ ഫീച്ചര്‍ ലഭ്യമാവണമെങ്കില്‍ ആദ്യം ഇപ്പോള്‍ ഫോണിലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണം. അതിനു ശേഷം ചാറ്റ് ലിസ്റ്റിലെ ഏതെങ്കിലും ഒരു സുഹൃത്തിന് മൂണ്‍ ഇമോജി അയക്കണം. ഉടന്‍തന്നെ മഴപോലെ ചാറ്റ് സ്‌ക്രീനില്‍ മൂണ്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് പ്രൊഫൈലില്‍ പോയി ഡാര്‍ക് മോഡ് ആക്ടിവേറ്റ് ചെയ്യാം. ഇതോടെ ഡാര്‍ക് മോഡ് പ്രവര്‍ത്തന സജ്ജമാകും.

നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പുതിയതായി അവതരിപ്പിച്ച ഡാര്‍ക് മോഡ് ഫീച്ചറിന്റെ മുഖ്യ ആകര്‍ഷണം. അതേസമയം ഫോണിന്റെ ബാറ്ററി ഉപയോഗം പരമാവധി കുറച്ച് മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാം എന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിനു പുറമെ ഡാര്‍ക് മോഡ് സംവിധാനത്തിലാണ് ചാറ്റ് ചെയ്യുന്നതെങ്കില്‍ ഫോണില്‍ നിന്നും ഉപയോഗ്താവിന്റെ കണ്ണുകളിലേയ്ക്ക് വരുന്ന പ്രകാശ കിരണങ്ങളുടെ തോതും കുറവായിരിക്കും. അതുകൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യകാര്യത്തിലും പുതിയ ഫീച്ചര്‍ ഗുണം ചെയ്യും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

Read more:സൈനിക പശ്ചാത്തലത്തില്‍ പുതിയ ചിത്രം വരുന്നു; ‘ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്’: ടീസര്‍

അടുത്തിടെ ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പും ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെയും ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങിയിട്ടില്ല.