ഹൃദയം കീഴടക്കി ഒരു കൂടിക്കാഴ്ച്ച; 20 വർഷങ്ങൾക്ക് ശേഷം ‘ലാലേട്ടൻ’ എന്ന സ്വപ്നം സാക്ഷാത്കരിച്ച് കൃഷ്ണകുമാർ

March 26, 2019

ഹൃദയം കീഴടക്കി ഒരു കൂടിക്കാഴ്ച്ച..കൃഷ്ണ കുമാർ എന്ന യുവാവിന്റെ ജീവിതത്തിലെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ധന്യ മുഹൂര്‍ത്തം… കഴിഞ്ഞ 20 വർഷമായി വീൽചെയറിലിരുന്ന് ജീവിതം തള്ളി നീക്കിയപ്പോഴും കൃഷ്‌ണ കുമാറിന് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു..അത് മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിനെ നേരിൽ കാണണമെന്നായിരുന്നു.

എന്നാൽ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഭിന്നശേഷിക്കാരനായ കൃഷ്ണകുമാർ. തളർന്ന കാലുകളുമായി വീൽചെയറുകൾ തള്ളി നീക്കി തന്നെ കാണാൻ എത്തിയ ആരാധകരെ മോഹൻലാലും ഹൃദയത്തോടു ചേർത്തു നിർത്തി. ഭിന്നശേഷിക്കാരായ കൃഷ്ണകുമാറും പ്രജിത്തുമാണ് തങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ മോഹൻലാലിനെ കാണാൻ അദ്ദേഹത്തിന്റെ അരികിൽ എത്തിയത്. ഇതോടെ തന്റെ ആരാധകർക്കൊപ്പം സംസാരിക്കാനും ചിത്രങ്ങൾ എടുക്കാനും മോഹൻലാലും സമയം കണ്ടെത്തി.

തന്റെ 20 വർഷങ്ങളായുള്ള ആഗ്രഹം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് കൃഷ്ണ കുമാർ എന്ന യുവാവ്. ലാലേട്ടനൊപ്പമുള്ള ചിത്രവും അതോടൊപ്പം കൃഷ്ണ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം… 

ലാലേട്ടൻ… കഴിഞ്ഞ 20 വർഷമായി കാണുന്ന സ്വപ്നം. പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ നമ്മൾ ഒരു കാര്യം തീവ്രവും സത്യസന്ധവുമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തും. ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും ചിലരൊക്കെ എന്നോടൊപ്പം നിന്നു. അവരോട് നന്ദി പറയുന്നത് മോശമാണെങ്കിലും പറയാതെ വയ്യ. ഷിബു സാർ, അരുൺ രാജ് ചേട്ടാ , അനൂപ് പട്ടത്താനം മുത്തേ, ശ്രീക്കുട്ടാ ചക്കരേ… ’ മോഹൻലാലിനൊപ്പമായുള്ള ചിത്രത്തിനൊപ്പം കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു..

Read also: ഊർജ്വസ്വലനായി ലാലേട്ടൻ; വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഈ മാസം 28 ന് തിയേറ്ററിലെത്തും.