കുപ്രസിദ്ധ പയ്യനു മുമ്പേ നിമിഷ സജയന്‍ വക്കീലായെത്തിയ സിനിമ

March 5, 2019

അഭിനയമികവുകൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് നിമിഷ സജയന്‍. അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇപ്പോള്‍ നിമിഷ സജയനെ തേടിയെത്തിയതും. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ നിറവിലാണ് താരം ഇപ്പോള്‍. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘ചോല’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷയെ തേടി പുരസ്‌കാരമെത്തിയത്.

‘ചോല’ എന്ന ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിട്ടായിരുന്നു താരത്തിന്റെ വരവ്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ വക്കീലായും. എന്നാല്‍ ചലച്ചിത്ര ലോകത്ത് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് നിമിഷ സജയന്‍ വക്കീല്‍ വേഷത്തിലെത്തിയ മറ്റൊരു ചിത്രം. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന സിനിമയിലാണ് നിമിഷ സജയന്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തിയത്. ചിത്രത്തില്‍ ചെറിയൊരു റോളിലാണ് നിമിഷ അഭിനയിച്ചതെങ്കിലും താരത്തിന്റെ അവാര്‍ഡ് നേട്ടത്തോടെ ആ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

മഞ്ജു വാര്യര്‍ക്കൊപ്പം ഷെയ്ന്‍ നിഗവും ‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയിരുന്നു. ആന്റണി സോണി സെബാസ്റ്റിയനാണ് ‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2017 മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘കെയര്‍ ഓഫ് സൈറ ബാനു’. അമലയുടെ വക്കീല്‍ കഥാപാത്രത്തിന്റെ ജൂനിയറായാണ് ഈ സിനിമയില്‍ നിമിഷ സജയന്‍ പ്രത്യക്ഷപ്പെട്ടത്.

Read more:ചിരിപ്പിച്ച് സിദ്ധിഖ്; കോടതി സമക്ഷം ബാലന്‍ വക്കീലിലെ തീയറ്ററുകളില്‍ കാണാത്തൊരു രംഗം: വീഡിയോ

മധുപാല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്തത്.
സാധാരണക്കാരനോട് നിയമവ്യവസ്ഥിതികളും പോലീസ് സംവിധാനങ്ങളും പുലര്‍ത്തുന്ന ചില നീതി നിഷേധങ്ങളെ പച്ചയായ് തുറന്നു കാണിക്കാന്‍ ശ്രമിച്ച ചിത്രമായിരുന്നു ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ഹന്ന എന്ന വക്കീല്‍ കഥാപാത്രമായാണ് ഈ സിനിമയില്‍ നിമിഷ സജയന്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ സുപ്രധാന പങ്കു വഹിച്ച ഒരു കഥാപാത്രമായിരുന്നു ഹന്ന.