‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യെ വീണ്ടും ഓര്‍മ്മപ്പെടുത്തി ഒരു മെയ്ക്കിങ് വീഡിയോ
യാത്രയെ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. മനോഹരമായ യാത്രകള്‍ എന്നും വല്ലാത്തൊരു അനുഭൂതിയാണ്. ഒരു പക്ഷെ സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാനും ദുഖങ്ങള്‍ പാതിയാക്കാനും ചില യാത്രകള്‍ക്ക് കഴിയും. ചെറിയെരു യാത്രയാണെങ്കില്‍ കൂടിയും അതിനെ ആസ്വാദ്യകരമാക്കാറുണ്ട് മിക്കവരും. യാത്രയെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാനാവില്ല ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയെ. ഒരു പക്ഷെ യാത്രയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ആദ്യ മലയാള സിനിമയും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തന്നെയാവാം.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിലെ ചില മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലെ കൊല്‍ക്കത്ത കാഴ്ചകളുടെ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആര്‍ക്കൈവ്സ് എന്ന രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ഈ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
ഹാഷിര്‍ മുഹമ്മദ് തിരക്കഥയെഴുതി സമീര്‍ താഹിര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’. 2013 ഓഗസ്റ്റ് 9 നാണ് ചിത്രം തീയറ്ററുകലിലെത്തിയത്. ദുല്‍ഖര്‍ സല്മാന്,ധൃതിമാന്‍ ചാറ്റര്‍ജി,സണ്ണി വെയ്ന്‍, സുര്‍ജബാല ഹിജാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
2013 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്റില്‍ ചിത്രീകരണമാരംഭിച്ച ഈ ചിത്രം 2013 ജൂണില്‍ സമാപിച്ചു. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാള്‍, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്.
Read more:സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി ഒരു കവര്‍ സോങ്: വീഡിയോ
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ഓരോ രംഗങ്ങളിലും യാത്രയുടെ ഭംഗി വിളിച്ചോതുന്നുണ്ട്. യാത്രയും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാള ചലച്ചിത്രലോകത്ത് ദുല്‍ഖര്‍ സല്‍മാനെ ശ്രദ്ധേയമാക്കുന്നതിലും ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.