വക്കീലായി തല, പ്രധാന കഥാപാത്രമായി വിദ്യാ ബാലൻ; ചിത്രം ഉടൻ

March 5, 2019

ബിഗ് ബി അമിതാഭ്‌ ബച്ചൻ വക്കീലായി വേഷമിട്ട ചിത്രമാണ് പിങ്ക്. ബിഗ് ബിയും താപ്‌സി പാന്നുവും അവിസ്മരണീയണീയമാക്കിയ ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തയും ഏറെ ആവേശം സൃഷ്ടിച്ചിരുന്നു. ‘പിങ്ക്’ തമിഴിലേക്ക് എത്തുമ്പോൾ ‘നേർകൊണ്ട പാർവൈ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ബിഗ് ബിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തല അജിത്താണ്.

ചിത്രത്തിൽ തലയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥും ഒന്നിച്ചെത്തുന്നുവെന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പോസ്റ്ററിൽ തല അജിത്ത്, ശ്രദ്ധ ശ്രീനാഥ്‌, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയങ്ക് എന്നിവരാണ് ഉള്ളത്.

ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

അതേസമയം വിദ്യാ ബാലന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് നേർക്കൊണ്ട പാർവൈ എന്നതും ആരാധകരിൽ ഏറെ ആവേശം ചെലുത്തുന്നുണ്ട്. ചിത്രത്തിലൂടെ തമിഴകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന താരം ഈ ചിത്രം ബോണി കപൂറിനോടുള്ള  തന്റെ ബഹുമാനം കൊണ്ടാണ് ചെയ്യുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ചിത്രത്തിൽ വിദ്യാ ബാലൻ അവതരിപ്പിക്കുന്ന കഥാപാത്രം ഏതാണെന്നുള്ളത് വ്യക്തമല്ല. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂന്ന് പെൺകുട്ടികളിൽ ഒരാളായല്ല താനെത്തുന്നതെന്ന് നേരെത്തെ താരം അറിയിച്ചിരുന്നു. എന്നാൽ താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.