”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍: വീഡിയോ
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇന്ദ്രജിത്തിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍. മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്ത പ്രഗല്ഭനായ നടനാണ് ഇന്ദ്രജിത്ത് എന്ന പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഇന്ദ്രജിത്തിന്റെ അനിയനെന്ന നിലയിലല്ല മറിച്ച് ഒരു ഫിലിം മേക്കര്‍ എന്ന നിലയിലാണ് ഇതു പറയുന്നതെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ദ്രജിത്ത് ലൂസിഫര്‍ എന്ന സിനിമയില്‍ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ വേഷം അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതല്ല. ചോട്ടന്റെ കരിയറിലെതന്നെ ഗംഭീരമായ കഥാപാത്രമായിരിക്കും ലൂസിഫറിലേതെന്നും താരം വ്യക്തമാക്കി.
ലൂസിഫര്‍ എന്ന സിനിമയില്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മഞ്ജു വാര്യര്‍ നായികയായെത്തുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിര്‍മ്മാണം. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും.
അതേസമയം ഇന്ദ്രജി്തിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.അഭിനയമികവുകൊണ്ട് ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. 1986 ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി.
2002 ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ‘മീശമാധവന്’ എന്ന ചിത്രത്തിലെ ഈപ്പന് പാപ്പച്ചി എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന് സംവിധാനം നിര്‍വ്വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അന്‍പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.