‘ലൂസിഫറിലെ ഏറ്റവും ഇഷ്ടപെട്ട രംഗങ്ങളിൽ ഒന്ന്’; ചിത്രം പങ്കുവെച്ച് പൃഥ്വി

March 18, 2019

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ചിത്രം, പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ ആദ്യ സംവിധാന ചിത്രം, മഞ്ജു വാര്യർ, ടൊവിനോ തുടങ്ങി മലയാളത്തിലെയും തെന്നിന്ത്യയിലെയും മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രം, മികച്ച ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ മുരളി ഗോപി തിരക്കഥ തയാറാക്കിയ ചിത്രം… ഇങ്ങനെ പോകുന്നു ലൂസിഫർ എന്ന ചിത്രത്തെ മലയാളികൾ ഇത്രമാത്രം ആകാംഷയോടെ കാത്തിരിക്കുന്നതിനുള്ള കാരണങ്ങൾ.

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളിൽ ഒന്ന് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് താരം കൂടുതലൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്നു വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ക്യാരക്റ്റർ പോസ്റ്ററുകള്‍.

അതേസമയം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മഞ്ജു വാര്യരുടെയും  ടോവിനോയുടെയുമൊക്കെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശയും തായുമൊന്നുമില്ലാതെ കലിപ്പ് നോട്ടത്തോടെയുള്ളതാണ് ടോവിനോയുടെ പുതിയ ലുക്ക്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫര്‍ എന്ന ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. സഹോദരി പ്രിയദർശിനി രാംദാസായാണ് മഞ്ജു എത്തുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തിൽ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്  മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും സംവിധായകനായ ഫാസിലും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.  അതേസമയം റിലീസിനൊരുങ്ങുന്ന ചിത്രത്തിനായ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍