കൊടുംചൂടില്‍ ക്ഷീണമകറ്റാന്‍ ശീലമാക്കാം ഉപ്പിട്ട നാരങ്ങാവെള്ളം

March 31, 2019

പുറത്തിറങ്ങിയാല്‍ പൊള്ളുന്ന ചൂടാണ്. വരുംദിവസങ്ങളിലും ചൂടു കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം വരുന്ന ആഴ്ചയിലും ചൂട് കൂടുതല്‍ കനക്കുമെന്നാണ് വ്യക്തമാക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ രണ്ട് ഡിഗ്രി ചൂട് കൂടാനാണ് സാധ്യത. അരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ചൂടുകാലം. ചൂടുകാലത്ത് പലരും വളരെ വേഗത്തില്‍ ക്ഷീണിക്കാറുണ്ട്. ക്ഷീണമകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത്.

ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. രുചിയിലും ഗുണത്തിലും കേമനാണ് ഉപ്പിട്ട നാരങ്ങാവെള്ളം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടമാകും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും.

ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ ഉപ്പിട്ട നാരാങ്ങാവെള്ളം ഏറെ ഗുണകരമാണ്. മനുഷ്യ ശരീരത്തില്‍ ഉപ്പു വഹിക്കുന്ന കടമകള്‍ ചെറുതല്ല. നാഡികളുടെ ഉത്തേജനത്തിനും കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിലും ഉപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Read more:തോളോടുതോള്‍ ചേര്‍ന്ന് ദിലീഷ് പോത്തനും വിനായകനും; ‘തൊട്ടപ്പന്‍’ ഒരുങ്ങുന്നു

കൂടാതെ വൃക്കകളുടെയും മസിലുകളുടെയും പ്രവര്‍ത്തനത്തിനും സോഡിയം ആവശ്യമാണ്. ഉപ്പിട്ടു നാരങ്ങാവെള്ളം കിടിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് ഒരു പരിധി വരെ ക്രമപ്പെടുത്താന്‍ സാധിക്കും. ചൂടുകാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളത്തിനു പുറമെ കഞ്ഞിവെള്ളത്തിലും ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ക്ഷീണത്തെ മറികടക്കാനും ഇത്തരത്തില്‍ നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും.