‘ലൂസിഫര്‍’; സുകുമാരന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണം: വൈറലായ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

March 18, 2019

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളതും. മലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കലിന്റേതാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൃഥിരാജ് സുകുമാരന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് സിദ്ധു.

ഒരു സിനിമ ചെയ്യണമെന്നത് സുകുമാരന്റെ ആഗ്രഹമായിരുന്നുവെന്നും മകന്‍ പൃഥിരാജിലൂടെ ആ ആഗ്രഹം പൂര്‍ത്തികരിക്കപ്പെടുകയാണെന്നും സിദ്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിദ്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലൂസിഫര്‍ സിനിമയുടെ സെന്‍സറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെകാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തില്‍ അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു രാജുവിന് ‘ലൂസിഫര്‍’. സുകുമാരന്‍സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. . തന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയ മകനെ നിറഞ്ഞ സ്‌നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ.മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി.. മകന്റെ പൂര്‍ത്തീകരണത്തിനും സാക്ഷി.. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.

Read more:”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

അതേ സമയം ‘ലൂസിഫര്‍’എന്ന സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 48 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഈ മാസം 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തുക. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.