”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

March 18, 2019

ആലാപന ഭംഗികൊണ്ട് വളരെ കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ ആളാണ് സിത്താര. റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ സിത്താര ഇന്ന് ചലച്ചിത്ര പിന്നണി ഗാന രംഗത്തും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമാവുകയാണ് സിത്താരയുടെ മകള്‍ സായു. അമ്മയെപ്പോലെ മനോഹരമായ ഒരു പാട്ടുമായാണ് മകളും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തില്‍ സിത്താര ആലപിച്ച ‘ചിരാതുകള്‍….’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഹമ്മിങ് വേര്‍ഷനാണ് മകള്‍ സായു ആലപിച്ചിരിക്കുന്നത്.

എന്നാല്‍ കുട്ടിത്താരത്തിന്റെ പാട്ടിനൊപ്പം മറ്റൊരു കാര്യംകൂടി വീഡിയോയില്‍ ശ്രദ്ധേയമാകുന്നു. പാട്ടിന് ശേഷം കുട്ടിത്താരം പരിചയപ്പെടുത്തുന്ന രീതിയാണ് പ്രേക്ഷകന്റെ മനം നിറയ്ക്കുന്നത്. ‘ ഞാന്‍ സായൂ, സിത്താരക്കുട്ടിന്റേ മോള്’ എന്നാണ് സായു പരിചയപ്പെടുത്തിയത്. കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കമായ ഈ പരിചയപ്പെടുത്തല്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

Read more:ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം

മിനി സ്‌ക്രീനിലെ സംഗീത പരിപാടികളിലൂടെയായിരുന്നു സിത്താര എന്ന ഗായികയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ചലച്ചിത്ര പിന്നണി ഗാന രംഗത്തും സിത്താര ശ്രദ്ധേയമായി. മാസങ്ങള്‍ക്ക് മുമ്പ് മനോഹരമായ നൃത്ത ചുവടുകളിലൂടെയും സിത്താര ആരാധകര്‍ക്കു മുമ്പിലെത്തിയിരുന്നു. താരത്തിന്റെ പാട്ടുകള്‍ക്കും നൃത്തത്തിനുമെല്ലാം നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ സമ്മാനിക്കാറുള്ളതും.

ആര്‍ദ്രമായ ആലാപന ഭംഗികൊണ്ട് പലപ്പോഴും സിത്താരയുടെ പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു. 2012 ലും 2017 ലും  മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും സിത്താരയെ തേടിയെത്തിയിട്ടുണ്ട്. ‘സെല്ലുലോയ്ഡ്’എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് 2012 ല്‍ സിത്താരയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് ‘വിമാനം’ എന്ന സിനിമയിലെ ആലാപനത്തിന് 2017 ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. എന്തായാലും സിത്താരയുടെ മകളുടെ പാട്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.