‘ഓട്ട’ത്തിന്റെ ആദ്യ ഷോ കാണാന്‍ ശ്രീകുമാരന്‍തമ്പിയെത്തി

March 9, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഓട്ടം’ എന്ന ചിത്രം. വിജയക്കുതിപ്പിലേക്കുതന്നെയാണ് ചിത്രത്തിന്റെ ഈ ഓട്ടം. ‘ഓട്ടം’ സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുമെത്തി. ഓട്ടം എന്ന സിനിമയില്‍ ഒരു മനോഹരഗാനം ശ്രീകുമാരന്‍ തമ്പി എഴുതിയിട്ടുണ്ട്. ചിത്രത്തിലെ ‘സ്വാഗതമോതുന്നു… ‘എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടി.

ന്യൂജനറേഷന്‍ സിനിമകളുടെ സവിശേഷതകളോടൊപ്പം പഴയകാല സിനിമകള്‍ നല്‍കുന്ന തരത്തിലുള്ള സന്ദേശം നല്‍കുന്ന സിനിമയാണ് ഓട്ടം എന്ന് സിനിമ കണ്ടിറങ്ങിയ അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഓടണം. ഓടുമ്പോള്‍ വീണാല്‍ വീണ്ടും എഴുന്നേറ്റ് ഓടണം. അപ്പോള്‍ വിജയിക്കും. ഇതാണ് ഈ സിനിമ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗാനത്തിന്റെ ചിത്രീകരണം വളരയേറെ ഇഷ്ടപ്പെട്ടുവെന്നും പുതിയ രണ്ട് നായകരെ മലയാള ചലച്ചിത്രലോകത്തേക്ക് ഈ സിനിമ സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more:ദൂരദര്‍ശന്‍റെ വാര്‍ത്താ സംഗീതത്തിന് ഒരു കിടിലന്‍ ടിക് ടോക്ക് വീഡിയോ; കൈയടിച്ച് സോഷ്യല്‍ മീഡിയ

നവാഗതനായ സാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടം’. കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഓട്ടത്തിനുണ്ട്. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിര്‍വഹിക്കുന്നു.

റോഷന്‍, നന്ദു, രേണു, മാധുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്‌നി ഖാന്‍, രജിത മധു, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.