‘സൂര്യാഘാതം’; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

March 25, 2019

അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചുവരുന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പലരിലും ആശങ്ക നിറച്ചിരിക്കുകയാണ്. സൂര്യതാപം ഏറ്റ് കേരളത്തിൽ ഇതിനോടകം നാലു പേര് മരിച്ചിരുന്നു. 140 ലധികം ആളുകൾ സൂര്യാഘാതം മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നും  ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിനാൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനും അധികൃതർ അറിയിക്കുന്നുണ്ട്. ഗുരുതരമായ രീതിയിൽ സൂര്യാഘാതമേറ്റാൽ യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അഞ്ച് മിനിറ്റ് മുതൽ മൂന്ന് ദിവസം വരെയുള്ള സമയം കൊണ്ട് മരണം സംഭവിക്കാം.

സൂര്യാഘാതം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

 1. വെള്ളം കുടിക്കുക. നിര്‍ജലീകരണവും ക്ഷീണവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വേളം നന്നായി കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ കുടിക്കാൻ ശ്രദ്ധിക്കുക.
 2. ചായ, കാപ്പി,ബിയര്‍, മദ്യം തുടങ്ങിയവ പകൽ സമയങ്ങളിൽ കുടിക്കുന്നത് ഒഴിവാക്കുക.
 3. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം കുറയ്ക്കുക.
 4. ഇറുക്കമുള്ളതും ഇരുണ്ട നിറങ്ങളുമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ മാറ്റി അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
 5. പകൽ സമയത്ത് തുറസായ സ്ഥലത്തെ ജോലികൾ  ഒഴിവാക്കുക. രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
 6. വെയിലത്തിറങ്ങുമ്പോള്‍ നിർബന്ധമായും കുട,  തൊപ്പി, ഫുൾ കൈ ഷർട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് തടയുക.
 7. ശരീരത്തിൽ മാറ്റങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടുക. സൂര്യതാപം തടയാൻ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ…

 1. തലക്കറക്കം
 2. ഛർദി
 3. വിളർച്ച
 4. വിയർക്കുക
 5. ക്ഷീണം
 6. പേശികൾ കോച്ചിപിടിക്കുക
 7. ഹൃദയമിടിപ്പ് ഉയരുക

സൂര്യാഘാതം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ

 1. സൂര്യാഘാതം ഉണ്ടായാൽ വെയിലത്തുനിന്ന് മാറി എസിയിലോ ഫാനിന്റെ ചുവട്ടിലോ വിശ്രമിക്കുക
 2. തണുത്ത തുണികൊണ്ട് ശരീരം തുടച്ചുകൊടുക്കുക
 3. ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കുക