തീച്ചൂടില്‍ കേരളം; വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് ചൂട് വീണ്ടും കനക്കുന്നു. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സൂര്യതപത്തിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കി. ഞായറാഴ്ച വരെ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി 122 പേര്‍ക്ക് സൂര്യതപമേറ്റു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ 364 പേര്‍ക്കാണ് സൂര്യതപമേറ്റത്. തുടര്‍ച്ചയായി നാലാം ദിവസവും പാലക്കാട് 41 ഡിഗ്രിയാണ് താപനില. വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കാനാണ് സാധ്യത.
ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിണറുകള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എപ്പോഴും ഒരു കുപ്പി കുടിവെള്ളം കൈയില്‍ കരുതുന്നതാണ് നല്ലത്.
Read more:“ഒറ്റയ്ക്കാണോ സെഞ്ചുറി അടിയ്ക്കുന്നേ”; ചിരി പടര്‍ത്തി സച്ചിന്റെ ട്രെയ്ലര്
ചൂടുകാലങ്ങളില്‍ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഒതുപോലെതന്നെ വീടും പരിസരവും ചൂടുകാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കാനും തീ പടരാനുമുള്ള സാഹചര്യം ചൂടുകാലത്ത് കൂടുതലാണ്.
പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരുപരിധിവരെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ നിര്‍ജ്ജലീകരണാവസ്ഥയെ തടയാനും പഴങ്ങള്‍ ഗുണം ചെയ്യും. അതേസമയം വഴിവക്കില്‍ നിന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന പാനിയങ്ങള്‍ പരമാവധി കഴിക്കാതിരിക്കുക. ഇത്തരം പാനിയങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.