സംസ്ഥാനത്ത് ചൂട് കനക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശം

March 28, 2019

കേരളത്തില്‍ വേനല്‍ച്ചൂട് കനക്കുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് നിര്‍ദ്ദേശം. അതേസമയം സൂര്യഘാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സംസ്ഥാനത്ത്. പാലക്കാട് തുടര്‍ച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. ഇന്നലെ മാത്രമായി 45 പേര്‍ക്കാണ് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ സൂര്യാതപമേറ്റത്. രണ്ട് പേര്‍ക്ക് സൂര്യാഘാതവുമേറ്റു.

അതേസമയം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നേരിട്ട് വെയില്‍ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഇതിനോടകം 284 പേര്‍ക്ക് സൂര്യാതപം ഏറ്റിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിണറുകള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എപ്പോഴും ഒരു കുപ്പി കുടിവെള്ളം കൈയില്‍ കരുതുന്നതാണ് നല്ലത്.

Read more:ആലാപനത്തില്‍ അതിശയിപ്പിച്ച് അഞ്ജു; നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കവര്‍സോ

ചൂടുകാലങ്ങളില്‍ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഒതുപോലെതന്നെ വീടും പരിസരവും ചൂടുകാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കാനും തീ പടരാനുമുള്ള സാഹചര്യം ചൂടുകാലത്ത് കൂടുതലാണ്.

പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരുപരിധിവരെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ നിര്‍ജ്ജലീകരണാവസ്ഥയെ തടയാനും പഴങ്ങള്‍ ഗുണം ചെയ്യും. അതേസമയം വഴിവക്കില്‍ നിന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന പാനിയങ്ങള്‍ പരമാവധി കഴിക്കാതിരിക്കുക. ഇത്തരം പാനിയങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.