പ്രേക്ഷകശ്രദ്ധ നേടി ‘സൂപ്പർ ഡീലക്‌സി’ലെ ഒരു ഡിംഗ് ഡോംഗ് വീഡിയോ

March 25, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ ട്രെയ്‌ലർ വരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഒരു ഡിംഗ് ഡോംഗ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ട്രെയ്‌ലർ പോലെത്തന്നെ രസകരവും ഏറെ ആകാംഷയും നിറഞ്ഞതാണ് ഈ വീഡിയോയും.

തമിഴിലെ നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും എത്തുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. ഇതിനു പുറമെ രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാണ്. ശില്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ത്യാഗരാജൻ കുമാര രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിജയ് സേതുപതി തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ‘സുന്ദര പാണ്ഡ്യന്‍’, ‘പിസ്സ’, ‘നാനു റൗഡി താന്‍’, ‘സേതുപതി’, ‘ധര്‍മ ദുരെ’, ‘വിക്രം വേദ’ തുടങ്ങിയവയാണ് വിജയ് സേതുപതിയുടെ പ്രധാന ചിത്രങ്ങള്‍. അഭിനയ മികവു കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിലും താരം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Read also: പൃഥ്വിയെ പൊട്ടിച്ചിരിപ്പിച്ച ആ ആരാധിക ദാ ഇവിടെയുണ്ട്; രസകരമായ വീഡിയോ കാണാം..

വിജയ് സേതുപതി നായകനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. സംവിധായകൻ എസ് യു അരുൺ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ദുബാദ് .

അതേസമയം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ. ചിത്രത്തിൽ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘സീതാകത്തി’, ‘സൈറാ നരസിംഹ റാവു’, എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റ് ചിത്രങ്ങൾ.