സൂരജ് കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് ആയത് ഇങ്ങനെ; രസകരമായ വീഡിയോ

March 25, 2019

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കുന്പളങ്ങി നൈറ്റസ്. ചിത്രം കണ്ടിറങ്ങുന്ന ആര്‍ക്കും മറക്കാനാവില്ല ഷെയ്ന്‍ നിഗത്തിന്റെ ഉറ്റ ചങ്കായെത്തിയ പ്രശാന്തിനെ. സൂരജ് എന്ന താരം പ്രശാന്ത് എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ മികച്ചതാക്കി. ‘ലവ് യു ബേബി…’ എന്ന ഒരൊറ്റ ഡയലോഗു മതി സുരാജിനെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ താരത്തിന് കഴിഞ്ഞു.

ഇപ്പോഴിതാ സൂരജ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമായത് എങ്ങനെയെന്ന് വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഡിഷനിലെ രസകരമായ ചില മുഹൂര്‍ത്തങ്ങളും ഈ വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്നതും. അഭിനയത്തിനു പുറമെ നൃത്തത്തിലും സൂരജ് ശ്രദ്ധേയനാണ്.

Read more:മനോഹരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ ‘ഈന്തോല പാട്ട്’; വീഡിയോ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.  അതേസമയം ചിത്രത്തിലെ ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി  നൈറ്റ്സിലെ ഓരോ ഗാനങ്ങളഉം. സിനിമയുടെ പ്രമേയവുമായി വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തുന്നുണ്ട് ഓരോ ഗാനങ്ങളും.