കാഴ്ചകള്‍ക്കുമപ്പുറം ശബ്ദവിസ്മയങ്ങള്‍ തീര്‍ക്കാന്‍ ‘ദ് സൗണ്ട് സ്‌റ്റോറി’ ഏപ്രിലില്‍ തീയറ്ററുകളിലേക്ക്

March 25, 2019

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി എത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ശബ്ദ ഘോഷമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രം ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിലെത്തും. ദ് സൗണ്ട് സ്റ്റോറി’യുടെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂര്‍ണ്ണ ഡോക്യുമെന്റേഷന്‍ കൂടിയാണ് ഈ ചിത്രം.

പ്രസാദ് പ്രഭാകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജീവ് പനക്കലാണ് നിര്‍മ്മാണം. ദ് സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലെ ശബ്ദ മിശ്രണം കൈകാര്യം ചെയ്തിരിക്കുന്നതും റസൂല്‍ പൂക്കുട്ടി തന്നെയാണ്. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും. തൃശൂര്‍ പൂരം തല്‍സമയം റെക്കോര്‍ഡ് ചെയാതാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്കു കൂടി തൃശൂര്‍ പൂരം അനുഭവവേദ്യമാക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതും മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

അതേസമയം റസൂല്‍ പൂക്കുട്ടി ചലച്ചിത്ര സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ബോളിവുഡിലാണ് ആദ്യ ചിത്രമൊരുങ്ങുന്നത്. ‘സര്‍പകല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കമ്ലേഷ് പാണ്ഡെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഹോളിവുഡ് സ്റ്റുഡിയോയുമായി സഹകരിച്ച് റസൂല്‍ പൂക്കുട്ടിതന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ചിത്രമാണ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും വിദേശത്തുവെച്ചായിരിക്കും ചിത്രീകരണം. 2009 ലാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ ലഭിച്ചത്. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് പുരസ്‌കാരം ലഭിച്ചത്.