ഇന്ന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

കാളിദാസ് ജയറാം നായകനായി എത്തുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവും, ഇളയരാജയുമാണ് ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലെ ഗാനങ്ങളും ട്രെയ്ലറുമെല്ലാം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. അതുകൊണ്ടുതന്നെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആകാംഷ വാനോളമാണ്. നേരത്തെ റിലീസ് ചെയ്യാനിരുന്ന മിഥുൻ മാനുവൽ ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവ് പരീക്ഷകാലമായതിനാൽ റിലീസ് മാർച്ച് 22 ലേക്ക് മാറ്റുകയായിരുന്നു.
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. വനജന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍. അതേസമയം നിറയെ ഗാനങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ഗിന്നസ് പക്രു പ്രധാന കഥാപാത്രമായി എത്തിയ ഇളയരാജ. ചിത്രത്തിൽ പ്രശസ്ത ഗായകൻ ജയചന്ദ്രന്റെ പാട്ടിനൊപ്പം ജയസൂര്യയും സുരേഷ് ഗോപിയുമൊക്കെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.