കലാകാരനായി ടോവിനോ; ഗിന്നസിൽ ഇടം പിടിക്കാനൊരുങ്ങി ‘ലൂക്ക’
മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലൂക്ക എന്ന ചിത്രത്തിന്റെ സെറ്റ് ഗിന്നസ് റെക്കോർഡിനായി പരിഗണിക്കുന്നതറിയിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തി. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ലൂക്കയുടെ അണിയറ പ്രവർത്തകർ ഇത് അറിയിച്ചത്.
കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണു ടൊവിനേയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്നറാണ് ‘ലൂക്ക’.
അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.
Read more : ‘വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും ‘അമ്മ വരില്ല’; വൈറലായി കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത സീൻ, വീഡിയോ കാണാം..
അതേസമയം ചിത്രത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചർ കൊച്ചിയിൽ ഒരുങ്ങുകയാണ്. കൊച്ചി വെളിയിലാണ് സമീപ കാലത്ത് ഏറ്റവും പ്രചാരം നേടിയ റെഡ് ഇന്ത്യൻ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ മാതൃക ഒരുങ്ങുന്നത്. കക്കാ ആർട്ടിസാൻസും സ്റ്റോറീസ് ആൻഡ് തോറ്റ്സ് പ്രൊഡക്ഷന്‍സും ചേർന്നാണ് ഡ്രീം ക്യാച്ചർ യാഥാർഥ്യമാക്കുന്നത്.
ലൂക്കയുടെ കലാസംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഡ്രീം ക്യാച്ചർ പൂർത്തിയാകുമ്പോൾ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. 37 അടി നീളത്തിൽ പൈൻ മരത്തടിയും, പരുത്തി നൂലും, തൂവലുകളും കൊണ്ടാണ് ഡ്രീം ക്യാച്ചർ നിർമ്മിക്കുന്നത്.