സിമ്പിളായി സേതുപതി; ‘സിന്ദുബാദി’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

March 21, 2019

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് സേതുപതിക്കൊപ്പം അഞ്ജലിയും വിജയ് സേതുപതിയുടെ മകൻ സൂര്യയും എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകൻ സൂര്യയും ഒത്തുള്ള സംഘട്ടനത്തിന്റെ രസകരമായ വീഡീയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തതു മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള വിജയ് സേതുപതിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചത്.

സംവിധായകൻ എസ് യു അരുൺ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും സിന്ദുബാദിനുണ്ട്. ‘പന്നിയാരും പത്മിനിയും’, ‘സേതുപതി’ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ആരാധകർ.

സിന്ദുബാദിൽ യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് എസ് എൻ രാജരാജൻ പ്രൊഡക്ഷൻസാണ്. ‘സീതാകത്തി’, ‘സൈറാ നരസിംഹ റാവു’, എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

Read also: അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും..വാമോസ് അര്‍ജന്റീന! യുട്യൂബിൽ തരംഗമായി മെസ്സിക്ക് വേണ്ടിയുള്ള ഗാനം

അതേസമയം സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ. ചിത്രത്തിൽ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച ‘പേട്ട’യാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. രജനി കാന്തിനൊപ്പം പ്രധാന കഥാപാത്രമായി സേതുപതിയും പ്രത്യക്ഷപ്പെട്ട ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.