കോഹ്ലിയെപോലും അമ്പരപ്പിച്ച് രോഹിത് ശര്‍മ്മയുടെ കിടിലന്‍ ഷോട്ട്; വീഡിയോ

March 4, 2019

ക്രിക്കറ്റിലെ കിടിലന്‍ ഷോട്ടുകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെ ഒരു തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാകുന്നത്. ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു രോഹിത്തിന്റെ ഷോട്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിലെ രോഹത്തിന്റെ പ്രകടനത്തിനാണ് ആരാധകര്‍ കൈയടിക്കുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. രോഹിത്തിന്റെ തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് ഫൈന്‍ ലെഗ് ബൗണ്ടറി കീഴടക്കി. ഈ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രോഹിത്തിന്റെ ഷോട്ടില്‍ അമ്പരന്ന് ചിരിയ്ക്കുന്ന ഇന്ത്യന്‍ നായകനെയും വീഡിയോയില്‍ കാണാം.

ഇന്ത്യ ഓസ്ട്രലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 237 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങില്‍ കരുത്തായത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 236 റണ്‍സെടുത്തത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ആദ്യ മത്സരത്തിന് വേദിയായത് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയമാണ്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഒരു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഒരു റണ്‍ മാത്രം അടിച്ചെടുത്തപ്പോഴേക്കും പുറത്താവുകയായിരുന്നു ധവാന്‍. എന്നാല്‍ പിന്നീടെത്തിയ കോഹ്ലിയും രോഹിത് ശര്‍മ്മയും ക്രീസില്‍ നിലയുറപ്പിച്ചു. പിന്നാലെ എത്തിയ ധോണിയും ജാദവും മികവാര്‍ന്ന പ്രകടനമാണ് ബാറ്റിങില്‍ കാഴ്ചവെച്ചത്. 87 പന്തില്‍ നിന്നുമായി 81 റണ്‍സാണ് കേദാര്‍ ജാദവിന്റെ സമ്പാദ്യം. 79 പന്തില്‍ നിന്നുമായി ധോണി 59 റണ്‍സും അടിച്ചെടുത്തു.

Read more:ഞാനുള്ളപ്പോള്‍ നിനക്കെന്തിനാ ചങ്ങാതി സ്പൂണ്‍; ശ്രദ്ധേയമായി ഒരു സ്‌നേഹവീഡിയോ

അതേസമയം ഉസ്മാന്‍ ഖ്വാജയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 76 പന്തില്‍ നിന്നുമായി 50 റണ്‍സെടുത്തു ഖ്വാജ. ഇതില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. ബൗളിങില്‍ ഏറെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. കളിയുടെ തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ കാര്യമായ രീതിയില്‍ മികവ് പുലര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തുംമുമ്പേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.