സെഞ്ച്വറി നേടി സാഹ; വിജയം അഭിനന്ദൻ വർധമാന് സമർപ്പിക്കുന്നുവെന്ന് താരം

March 1, 2019

ട്വന്റി 20 ക്രിക്കറ്റിൽ വെടിക്കെട്ട് സെഞ്ച്വറി നേടി വൃദ്ധിമാൻ സാഹ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനായാണ് താരം സെഞ്ച്വറി കരസ്ഥമാക്കിയത്. അതേസമയം ഈ വിജയം പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാന് സമർപ്പിക്കുന്നതായി താരം വെളിപ്പെടുത്തി.

ബംഗാളിനായി ഇറങ്ങിയ സാഹ 62 പന്തിൽ നിന്നും 129 റൺസാണ് കരസ്ഥമാക്കിയത്. അരുണാചൽ പ്രദേശിനെതിരെയാണ് സാഹ കളിയ്ക്കാൻ ഇറങ്ങിയത്. സാഹയുടെ മികവിൽ 107 റൺസിന്റെ വിജയമാണ് ബംഗാൾ കരസ്ഥമാക്കിയത്. സെഞ്ച്വറി നേടിയത്തിന് പിന്നാലെ ഈ വിജയം പൈലറ്റ് അഭിനന്ദൻ വർധമാന് സമർപ്പിക്കുന്നതായി താരം ട്വീറ്റ് ചെയ്യുകയായിരുന്നു. എത്രയും വേഗം അദ്ദേഹം തിരിച്ചെത്തുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.

അതേസമയം പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്ന് വിട്ടയയ്ക്കുമെന്ന് ഇന്നലെ നടത്തിയ പാർലമെന്റ് സമ്മേളനത്തിൽ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.

ഇപ്പോൾ അഭിനന്ദനെ കൊണ്ടുവരുന്ന വിമാനം ലാഹോറിലേക്ക് പുറപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉച്ചയോടെ അഭിനന്ദൻ വാഗയിലെത്തുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്  അറിയിച്ചത്. അദ്ദേഹത്തിനായി ഇന്ത്യ മുഴുവനുമുള്ള ജനങ്ങൾ ഒറ്റകെട്ടായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വരവും കാത്ത് ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. വലിയ സ്വീകരണവും അദ്ദേഹത്തിനായി ഒരുക്കിയാണ് ഇന്ത്യൻ ജനതയുടെ കാത്തിരിപ്പ്.