വയനാട്ടിൽ പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
വയനാട്ടിലെ വൈത്തിരിയിൽ വെച്ച് മാവോയിസ്റ്റും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ്. വെടിവെയ്പ്പ് അവസാനിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെ വൈത്തിരിയിലെ റെസ്റ്റോറന്റിൽ എത്തി നടപടികൾ ആരംഭിച്ചു.
അതേസമയം വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടറും സംഭവ സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തെ സ്ഥിതി മോശമായതിനാൽ മാവോയിസ്റ്റുകളുടെ തിരച്ചിലുകൾക്കായി പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടർബോൾട്ട് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.