ഒരോവറിൽ ആറ് സിക്‌സ്, 25 ബോളിൽ സെഞ്ച്വറി; യുവതാരത്തിന്റെ പ്രകടനത്തിൽ മതിമറന്ന് ആരാധകർ

March 22, 2019

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്…ക്രിക്കറ്റ് പോലെ തന്നെ കളിക്കളത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന താരങ്ങൾക്കുമുണ്ട് ആരാധകർ ഏറെ. ഇപ്പോഴിതാ ബാറ്റിങ് മികവിലൂടെ ക്രിക്കറ്റ് ലോകത്തെ താരമായി മാറിയിരിക്കുകയാണ് യുവതാരം വിൽ ജാക്സ്.

ദുബായിൽ വച്ച് നടന്ന പ്രീ സീസൺ ടി ട്വന്റിയിലാണ് ഇംഗ്ലണ്ട് താരം വിൽ ജാക്സ് ആരാധകരെ അമ്പരിപ്പിച്ചത്. 25 ബോളിൽ നിന്നും സെഞ്ച്വറി നേടി വിസ്‌മയം സൃഷ്ടിച്ചിരിക്കുകയാണ് ഈ താരം. ഓരോവർ മുഴുവൻ സിക്സടിച്ച താരത്തിന് ഗ്യാലറിയിൽ ആനന്ദപ്രവാഹമായിരുന്നു. അതേസമയം 30 ബോളിൽ നിന്നും 105 റൺസെടുത്താണ് താരം കളിക്കളം വിട്ടിറങ്ങിയത്. എട്ട് ഫോറുകളും പതിനൊന്ന് സിക്സുകളും ഉൾപ്പെട്ടതാണ് താരത്തിന്റെ പ്രകടനം. അതേസമയം ഈ മത്സരങ്ങൾ ഔദ്യോഗിക അംഗീകാരം ലഭിച്ചവയല്ല.

Read also: ഐപിഎൽ സീസൺ 12 നാളെ മുതൽ; സൈനികരുടെ കുടുംബങ്ങൾക്ക് സഹായ വാഗ്‌ദാനവുമായി ബിസിസിഐ

എന്നാൽ കളിക്കളത്തിൽ എന്നും അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്ന താരമാണ് ക്രിസ് ഗെയ്ൽ. ക്രിസ് ഗെയ്‌ൽ ബാറ്റിങ്ങിനിറങ്ങിയാൽ അമ്പയർമാർക്ക് കട്ടപ്പണിയാണ്. ഗെയ്ൽ ബാറ്റ് എടുത്താൽ പിന്നെ പറന്നു വരുന്ന പന്തുകൾ എങ്ങോട്ടാണ് പോകുകയെന്ന് ആർക്കും ഒരുപിടിയുമില്ല. പലപ്പോഴും പന്തുകൾ സ്റ്റേഡിയത്തിന് പുറത്തായിരിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പുതിയ പന്തുകൾ വേണ്ടിവരും.

വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ 129 പന്തുകളില്‍ നിന്ന് 135 റൺസെടുത്തു. 12 പടുകൂറ്റന്‍ സിക്‌സറുകളുടേയും വെറും മൂന്ന് ബൗണ്ടറികളുടേയും പിന്തുണയോടെയാണ് താരം 135 റൺസ് നേടിയത്.

കളിയിലെ പന്ത്രണ്ടിൽ എട്ട് സിക്സറിലും ബോളുകളുടെ സ്ഥാനം സ്റ്റേഡിയത്തിന് പുറത്തായിരുന്നു. ഇതിൽ ഒരു സിക്സറാകട്ടെ 121 മീറ്റർ അകലെയുള്ള തുറമുഖത്തെ ഒരു കപ്പലിലാണ് ചെന്ന് നിന്നത്. എന്നാൽ ഇപ്പോൾ ക്രിസിനെയും കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് വിൽ ജാക്സ്.