രാത്രിയില്‍ പെണ്ണിന് വില പറയുന്നവര്‍ അറിയാന്‍; ശ്രദ്ധേയമായി വീഡിയോ

March 8, 2019

നേരം സന്ധ്യയോടു അടുത്തു തുടങ്ങുമ്പോഴേക്കും ചില കണ്ണുകള്‍ തിരയുന്നത് പെണ്‍മുഖങ്ങളെയാണ്. അടുക്കളയില്‍ നിന്നും സ്ത്രീസമൂഹം അരങ്ങത്തേക്കിറങ്ങി  തുടങ്ങിയിട്ടും ഈ കഴുകന്‍ കണ്ണുകള്‍ അവളെ തിരയുന്നു. ബസ് സ്റ്റാന്‍ഡില്‍ അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ അതുമല്ലെങ്കില്‍ പൊതു ഇരിപ്പിടങ്ങളിലെല്ലാം പെണ്ണിനെ എത്തിനോക്കാറുണ്ട് ഇത്തരം  ചില കഴുകന്‍ കണ്ണുകള്‍.

രാത്രി തനിച്ചിരിക്കുന്ന ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്ന ഒരു ചോദ്യമുണ്ട്. “ഒരു രാത്രിയിലെ വില എത്രയെന്ന്”. ദിനംപ്രതി സ്ത്രീസംരക്ഷണം എന്ന വാക്ക് ഘോരം ഘോരം പ്രസംഗിക്കപ്പെടന്നുണ്ടെങ്കിലും സംരക്ഷണം ഒരുക്കുന്നതിനു പകരം രാത്രിയില്‍ പെണ്ണുടലിന്‍റെ വില തിരയുന്നവരാണ് പല പുരുഷന്മാരും. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടത് പുരുഷന്‍റെ കരങ്ങള്‍ക്കൊണ്ടാണെന്ന് പറയുമ്പോഴും അതേ പുരുഷന്‍റെ കൈകള്‍ തന്നെയാണ് പലയിടങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കുന്നതും.

Read more:മാര്‍ച്ച് എട്ട് വനിതാദിനമായത് ഇങ്ങനെ; കൂടുതല്‍ അറിയാം

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു സ്പെഷ്യല്‍ വീഡിയോ. രാത്രി പൊതു ഇടത്ത് തനിച്ചിരിക്കുന്ന സ്ത്രീയെത്തേടിയെത്തുന്ന ഒരുതരം വിലയിടലും തുടര്‍ന്നു സംഭവിക്കുന്ന സസ്പെന്‍സുമാണ് ഈ സ്പെഷ്യല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഇന്നും അനുഭവിക്കേണ്ടി വരുന്ന വലിയൊരു സാമൂഹ്യപ്രശ്നം ചര്‍ച്ചചെയ്യപ്പെടുകയാണ് ഈ വീഡിയോയില്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്ളവേഴ്‌സ് ടിവിയാണ് ഈ മനോഹരവീഡിയോ ഒരുക്കിയിരിക്കുന്നത്.

സംവിധാനത്തിലും ദൃശ്യാവിഷ്കാരത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ വീഡിയോ.  ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നന്ദുവാണ് ഈ വീഡിയോയുടെ സംവിധായകന്‍. ജയന്‍ കാര്‍ത്തികേയന്‍ സിനിമാറ്റോഗ്രഫിയും സനു വര്‍ഗീസ്‌ വീഡിയോയുടെ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയമികവിലും മികച്ചുനില്‍ക്കുന്നുണ്ട് ആ സ്പെഷ്യല്‍ വീഡിയോ. ശ്രീജിത്ത് ബാബു, ഡയാന, മിഥുന്‍ രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.