മാര്‍ച്ച് എട്ട് വനിതാദിനമായത് ഇങ്ങനെ; കൂടുതല്‍ അറിയാം

March 8, 2019

ഇന്ന്, മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം. ഈ ദിനത്തെ അത്ര നിസാരവത്കരിക്കാനാവില്ല. ഒരുകൂട്ടം പെണ്‍പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയുമൊക്കെ കഥ പറയാനുണ്ട് വനിതാദിനത്തിന്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍, കുടുംബം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ഇന്ന് സ്ത്രീകള്‍ കരുത്തരായിക്കൊണ്ടിരിക്കുകയാണ്. അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ വിയര്‍പ്പൊഴുക്കുന്ന സ്ത്രീകള്‍ മാത്രമല്ല ഇന്നു നമുക്കു ചുറ്റുമുള്ളത്. അടുക്കളയ്ക്കൊപ്പം അരങ്ങത്തും അണിയറയിലുമെല്ലാം സ്ത്രീകള്‍ നിറസാന്നിധ്യമാണ്.

ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നുമാണ് വനിതാദിനം ഉരുത്തിരിഞ്ഞെത്തിയത്. ചരിത്രപരമായ ചില നിമിഷങ്ങളുടെ ഓര്‍മ്മകള്‍ക്കൂടി പറയാനുണ്ട് മാര്‍ച്ച് എട്ടിന്. സ്വന്തം ആവശ്യങ്ങള്‍ക്കായി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന്‍റെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍. വിയര്‍പ്പും ശക്തിയുംകൊണ്ട് സ്ത്രീകള‍്‍‍ നേടിയെടുത്ത വിജയത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. സ്ത്രീകള്‍ക്കു നേരെ ഇന്നും ഉയരുന്ന അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കുക എന്നതു തന്നെയാണ് വനിതാ ദിനത്തിന്‍റെ ലക്ഷ്യം.

ഒരുകാലത്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടിരുന്ന സ്ത്രീ സമൂഹം ലിംഗ സമത്വത്തിനും ലിംഗ നീതിക്കും വേണ്ടി ശക്തമായി പോരാടി. വ്യാവസായിക വിപ്ലവകാലഘട്ടത്തില്‍ പല രാജ്യങ്ങളിലും കുറ‍ഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് സ്ത്രീകള്‍ക്ക്. തികച്ചും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടില്‍ നിന്നും മനോഹരമായ തൊഴില്‍ സാഹചര്യങ്ങള്‍ സ്വപനംകണ്ട അന്നത്തെ സ്ത്രീസമൂഹം നടത്തിയ മുന്നേറ്റമാണ് അന്താരാഷ് വനിതാ ദിനം എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.

വനിതാദിനത്തിന്‍റെ ചരിത്ര പശ്ചാത്തലം
ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ ഒരു സമരത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും ഓര്‍മ്മദിനമാണ് മാര്‍ച്ച് എട്ട്. 1857 മാര്‍ച്ച് എട്ടിനായിരുന്നു തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ചത്. ദീര്‍ഘനേരത്തെ ജോലിക്ക് തുച്ഛമായ വേതനമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെ ആദ്യമായി അന്ന് സ്ത്രീകള്‍ സ്വരമുയര്‍ത്തി. വനിതാ ദിനമെന്ന ആശയം ഉരിത്തിരഞ്ഞപ്പോഴും മാര്‍ച്ച് എട്ട് എന്ന ദിനം തിരഞ്ഞെടുക്കുകയായിരുന്നു.

ന്യൂയോര്‍ക്കിലെ ഈ സമരാഗ്നി പിന്നീട് ലോകത്തിന്‍റെ പല കോണിലേക്കും വ്യാപിച്ചു. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ലിംഗസമത്വം അവസാനിപ്പിക്കാനുമെല്ലാം സ്ത്രീകള്‍ സ്വരമുയര്‍ത്തി തുടങ്ങി. ഇതോടെ പലരാജ്യങ്ങള്ളിലും മാറ്റത്തിന്‍റെ അലയൊലികള്‍ക്ക് തുടക്കമായി. 1917 ല്‍ റക്ഷ്യയിലാണ് ആദ്യമായി മാര്‍ച്ച് എട്ടിന് വനിതാദിന പ്രകടനം നടത്തിയത്. റക്ഷ്യയില്‍ ഇന്നും ഈ ദിനം വളരെ വിപുലമായി തന്നെ കൊണ്ടാടുന്നു. എന്നാല്‍ 1975 ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

Read more:മനോഹരം കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ‘സൈലന്റ് ക്യാറ്റ്’ ഗാനം: വീഡിയോ

പല രാജ്യങ്ങളും ഇന്ന് വനിതാദിനത്തെ വളരെ വിപുലമായാണ് ആചരിക്കുന്നത്. ചിലയിടങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ പോലും നിലനില്‍ക്കുന്നുണ്ട്. ഇറ്റലിയില്‍ ഈ ദിവസം പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മഞ്ഞ നിറമുള്ള മിമോസ പൂക്കള്‍ നല്‍കുന്നു. റക്ഷ്യയിലും അല്‍ബേനിയയിലും ചോക്ലേറ്റുകളും സ്ത്രീകള്‍ക്ക് ഉപഹാരമായി ഈ ദിനത്തില്‍ നല്‍കാറുണ്ട്.