ധോണിക്കൊപ്പം ആറ് ഭാഷകള്‍ സംസാരിച്ച് കുട്ടിസിവ; കൈയടിച്ച് സോഷ്യല്‍ മീഡിയ

March 25, 2019

ക്രിക്കറ്റ് താരങ്ങളുടെ കളത്തിന് പുറത്തുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൗതുകം അല്‍പം കൂടുതലാണ്. ഒരല്പം രസകരവും ഒപ്പം അതിശയകരവുമായ  ഒരു വിശേഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മുമ്പിലേക്കെത്തുന്നതും. കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്.

ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് സിവ.

Read more:”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍: വീഡിയോ

ഇത്തവണ പാട്ടും ഡാന്‍സുമൊന്നുമല്ല ആരെയും അതിശയിപ്പിക്കുന്ന ഒന്നു തന്നെയാണ് കുട്ടി സിവ കാഴ്ചവെച്ചിരിക്കുന്നത്. കളിയിലും തമാശയിലും മാത്രമല്ല ബുദ്ധിയുടെയും ഓര്‍മ്മശക്തിയുടെയും കാര്യത്തിലും താന്‍ മുന്നില്‍ തന്നെയെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരത്തിന്റേത്. ആറു ഭാഷകള്‍ അറിയാം ഈ മിടുക്കിക്ക്. അച്ഛന്‍ ധോണിക്കൊപ്പം ആറ് ഭാഷകളില്‍ സംസാരിക്കുന്ന സിവയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആറ് ഭാഷകള്‍ സംസാരിക്കുന്ന സിവ കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുന്നു. തമിഴ്, പഞ്ചാബി, ഹിന്ദി, ബിഹാറി, അറബി തുടങ്ങിയ ഭാഷകളിലാണ് സിവ സംസാരിച്ചിരിക്കുന്നത്. വിത്യസ്ത ഭാഷകളിലായി ധോണി മകള്‍ സിവയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും സിവ കൃത്യമായി അതേ ഭാഷയില്‍ തന്നെ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. മകളുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കൈയടിക്കുന്ന ധോണിയും വീഡിയോയില്‍ ഉണ്ട്. എന്തായാലും അച്ഛന്റെയും മകളുടെയും പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ മത്സരം ജയിച്ചതിന്‍റെ നിറവിലാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലാണ് ധോണി. വീരാട് കോഹ്ലി അടങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായിട്ടായിരുന്നു ആദ്യ മത്സരം. ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്സ് വിജയം കണ്ടു.