ലൊക്കേഷനില്‍ കിടിലന്‍ പാട്ട്; ‘ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം’ എന്ന് ലാല്‍ ജോസ്

April 2, 2019

വേനല്‍ച്ചൂടും ഇലക്ഷന്‍ ചൂടും ഒരുപോലെ കത്തി നില്‍ക്കുന്ന തലശ്ശേരിയില്‍ സംവിധായകന്‍ ലാല്‍ ജോസിന്റെ നാല്‍പത്തിയൊന്ന് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിജു മോനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. എന്നാല്‍ ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു രസക്കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ മാനോഹരമായൊരു പാട്ടുപാടിക്കൊണ്ട് താരമായിരിക്കുകയാണ് ബിജു മേനോന്‍. ലാല്‍ജോസ് തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. താരത്തിന്റെ മനോഹരമായ ആലാപനത്തോടൊപ്പം സെറ്റിലെ മറ്റ് അംഗങ്ങള്‍ താളം പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്‌ക്കൊപ്പം മനോഹരമായൊരു കുറിപ്പും സംവിധായകന്‍ ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ലാല്‍ജോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍… ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍.ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു..സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍.. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് … ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം

അതേസമയം ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും നാല്‍പത്തിയൊന്ന് എന്ന സിനിമയ്ക്കുണ്ട്. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവാഗതനായ ജി പ്രഗീഷ് ആണ് ചിത്ത്രതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമവര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

Read more:തകര്‍ന്നടിഞ്ഞ് ഡല്‍ഹി; രാജാക്കന്മാരായ് പഞ്ചാബ്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം തട്ടുംപുറത്ത് അച്യുതനാണ്. മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തീയറ്റരുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.