എട്ട് ദിവസം, 100 കോടി; ‘ലൂസിഫർ’ വൻവിജയത്തിലേക്ക്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം നൂറുകോടി ക്ലബ്ബിലേക്ക്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ വൻവിജയത്തിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എട്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബിൽ എത്തുന്ന ചിത്രമാണ് ലൂസിഫർ എന്നും ഈ വിജയത്തിന് പിന്നിൽ
ആശിർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.1500 തീയേറ്ററുകളിലാണ് ആദ്യ ദിനം ചിത്രം റിലീസ് ചെയ്തത്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.