സംവിധായക രംഗത്തേക്ക് മോഹന്‍ലാല്‍; ഒരുങ്ങുന്നത് ത്രിഡി ചിത്രം
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത മഹാനടനാണ് മോഹന്‍ലാല്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രതിഭ. 1978- ല്‍ പുറത്തിറങ്ങിയ തിരനോട്ടം മുതല്‍ 2019-ല്‍ തീയറ്റുളലിലെത്തിയ ലൂസിഫര്‍ വരെ എത്തി നില്ക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ അവിസ്മരണീയ കഥാപാത്രങ്ങള്‍.
ഫാന്‍സിന്റെ എണ്ണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് താരം. ഇപ്പോഴിതാ മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിനയ രംഗത്തു നിന്നും സംവിധാന രംഗത്തേക്ക് അരങ്ങേറ്റംകുറിക്കുന്ന താരങ്ങള്‍ നിരവധിയാണ്. അടുത്തിടെ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ചതും മലയാള ചലച്ചിത്ര ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു.
ബറോസ്സ് എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. ത്രിഡിയിലാണ് ഈ ചിത്രം ഒരുക്കുന്നത്. സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിശേഷം താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചതും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്സ് എന്നും താരം വ്യക്തമാക്കി.
Read more:ജഡ്ജസിനെ പാട്ടുപാടി ഞെട്ടിച്ച് വീണ്ടും സീതക്കുട്ടി; വീഡിയോ കാണാം..
‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വിത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
ഗോവയിലാണ് ബറോസ്സ് എന്ന സിനിമയുടെ ചിത്രീകണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുമെന്നാണ് സൂചന. അതേസമയം സിനിമ സംവിധാനം ചെയ്യുക എന്ന തീരുമാനം മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ചുപോയതാണെന്നും താരം ബ്ലോഗില്‍ കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന് ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നുമാണ് ബറോസ്സ് എന്ന ചിത്രത്തിന്റെ കഥ വികസിച്ചതെന്നും മോഹന്‍ലാല്‍ കുറിച്ചു.