‘ഇതെന്തൊരു സാമ്യം’, കാസ്റ്റിംഗിലെ രൂപസാദൃശ്യത്തിൽ അമ്പരന്ന് ആരാധകർ; ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്ലർ..
കേരളത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് സിനിമയാകുമ്പോൾ ആരാധകരിൽ ആശങ്കയും ഒപ്പം ആവേശവുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നു കയറുന്നുണ്ട് ഈ ട്രെയ്ലര്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ തരംഗമായ ട്രെയിലറിലെ കാസ്റ്റിംഗിലെ രൂപ സാദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ റോളിലെത്തുന്ന രേവതിയുടെ കാസ്റ്റിംഗ് കണ്ടാണ് ആരാധകർ അമ്പരക്കുന്നത്. അത്രമേൽ രൂപ സാദൃശ്യമുണ്ട് രേവതിക്ക് ടീച്ചറുമായി.ഇതോടെ ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എങ്ങനെയാണ് ഇത്രയധികം സാമ്യമുള്ളയാളെ കണ്ടുപിടിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിൽ ചോദ്യമുയരുന്നത്.
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ്പ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം കൃത്യമായിത്തന്നെ ആവിഷ്കരിച്ചിട്ടുണ്ട് ഈ ട്രെയ്ലറില്. മികച്ച സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നതും.
രേവതി, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നതെന്നാണ് സൂചന.
‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ഈ ട്രെയ്ലറിൽ. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.