‘മരങ്ങള്‍ക്കിടയില്‍ 96 ലെ റാമിന്റെ ജീവിതം’; ശ്രദ്ധേയമായി ഈ വയലിന്‍ സംഗീതം

April 27, 2019

എക്കാലത്തും വയലിനില്‍ തീര്‍ക്കപ്പെടുന്നത് മാസ്മരിക സംഗീതത്തിന്റെ ദിവ്യാനുരാഗമാണ്. ചിണുങ്ങി പെയ്യുന്ന ഒരു മഴ പോലെ ആസ്വാസകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങാന്‍ വയലിന്‍ സംഗീതത്തിനാവും. പല വികാരങ്ങളെയും ഭാവാര്‍ദ്രമായി അവതരിപ്പിക്കാനും വയലിന്‍ സംഗീതത്തിന് നന്നായി അറിയാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മനോഹരമായൊരു വയലിന്‍ സംഗീതം. മാസങ്ങള്‍ക്ക് മുമ്പ് തീയറ്റുകളില്‍ പ്രക്ഷകന്റെ ഹൃദയംതൊട്ട റാമിനെയും ജാനുവിനെയും ഓര്‍മ്മയില്ലേ…? അത്രപെട്ടെന്ന് മറക്കാനാകുമോ ഈ പ്രണയ ജോഡികളെ… റാമിനെയും ജാനുവിനെയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ’96’ എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യ നേടിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തിലെ ചില ഗാനങ്ങളും രംഗങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി ഇടയ്ക്ക് ഇപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ’96’ ലെ ലൈഫ് ഓഫ് റാം എന്ന ഗാനത്തിന് വയലിന്‍ സംഗീതം ഒരുക്കിയിരിക്കുകയാണ്. ‘മരങ്ങള്‍ക്കിടയില്‍ റാമിന്റെ ജീവിതം’ എന്ന ക്യാപ്ഷനോടെ ഗോവിന്ദ് വസന്ത തന്നെയാണ് മനോഹരമായ ഈ വയലിന്‍ സംഗീതം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതും.


’96’ എന്ന സിനിമയില്‍ വിജയ് സേതുപതിയാണ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. റാമിന്റെ ജീവിതമാണ് ഈ ഗാനത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്രകളെയും ഫോട്ടൊഗ്രഫിയെയുമൊക്കെ പ്രണയിക്കുന്ന റാം തീയറ്ററുകളില്‍ പ്രേക്ഷകന്റെ കൈയടി നേടിയിരുന്നു. ചിത്രത്തില്‍ പ്രദീപ് കുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം മികച്ച സ്വീകാര്യതയാണ് ഗോവിന്ദ് വസന്തയുടെ വയലിന്‍ സംഗീതത്തിന് ലഭിക്കുന്നത്. ദൃശ്യാവിഷ്‌കരണവും മനോഹരമെന്നാണ് പ്രേക്ഷകരുടെ കമന്റ്. നിരവധി പേര്‍ ഇതിനോടകം തന്നെ ഗോവിന്ദിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2018 ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read more:ഭയം നിറച്ച്, ഉള്ളുലച്ച് ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്‌ലര്‍; കാണാതെ പോകരുത്, ഇത് നമുക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്

സി പ്രേംകുമാറാണ് 96′ സംവിധായകന്‍. വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.