‘ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ച കിക്കില്‍ ലാല്‍ ജോസ്’; തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെക്കുറിച്ച് മനോഹരമായ കുറിപ്പ്
സംവിധായകന് ലാല്‍ ജോസിന്റെ നാല്പത്തിയൊന്ന് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിജു മോനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. കഴിഞ്ഞ ദിവസം തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു ഷൂട്ടിങ്. ഇപ്പോഴിതാ തൃശൂര്‍ ബസ് സ്റ്റാന്റിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. രസകരവും മനോഹരവുമാണ് ലാല്‍ജോസ് പങ്കുവെച്ച അനുഭവ കുറിപ്പ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..
ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശ്ശൂർ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ..
എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ.? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ.എസ്.എസ്സിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തൃശ്ശൂർ രാത്രികൾക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയിൽ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂർ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു. ക്യാന്റീനിൽ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാൻറിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശ്ശൂർവരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങൾ.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ?അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ❣ബിജുവുമായി തൃശ്ശൂർ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.
അതേസമയം ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘നാല്പത്തിയൊന്ന്’ എന്ന സിനിമയ്ക്കുണ്ട്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവാഗതനായ ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അജയന് മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമവര്മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.