പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഫഹദും സായിയും; അതിരന്റെ ടീസർ കാണാം..

April 4, 2019

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിക്കുന്ന ‘അതിരന്‍’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിച്ചുള്ള ചിത്രം എത്തുന്നുവെന്നറിഞ്ഞതുമുതൽ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ആരാധകരുടെ ആകാംഷയ്ക്ക് ഇരട്ടി മധുരം നൽകിക്കൊണ്ടാണ് ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.

തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയത്.

വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ.  സിനിമയുടെ ചിത്രീകരണം പ്രധാനമായും ഊട്ടിയിലാണ് നടന്നത്. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിൽ എത്തും.

Read also:സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..

നിവിന്‍ പോളി നായകനായി എത്തിയ അൽഫോൻസ് പുത്രൻ ചിത്രം ‘പ്രേമ’ത്തിലെ ‘മലര്‍’ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായി പല്ലവിയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..

2016ല്‍ പുറത്തെത്തിയ സമീര്‍ താഹിര്‍ ചിത്രം ‘കലി’യിൽ ദുല്‍ഖറിന്റെ നായികയായും താരം മലയാളത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇതിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് സായ് പല്ലവി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നായികയായാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

അതേസമയം ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ സായ് പല്ലവി അവതരിപ്പിച്ചിരുന്നു. ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.