ദീപികയുടെ മേക്കോവറിൽ ഞെട്ടി ആരാധകർ; വൈറലായി വീഡിയോ

April 18, 2019

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഛപാക്’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയുള്ള ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ലക്ഷ്മിയായുള്ള ദീപികയുടെ വീഡിയോ. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. കാരണം പുതിയ മേക്കോവറിൽ അത്രമേൽ രൂപ സാദൃശ്യമുണ്ട് ലക്ഷ്മിയുമായി ദീപികയ്ക്ക്

ദീപിക പദുക്കോണിന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ‘ഛപാക്’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. ‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദീപിക ട്വിറ്ററില്‍ പങ്കുവെച്ചത്. അതേ സമയം ഛപാക് എന്ന സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. 2020 ജനുവരി 10 ന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Read more:തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..

മേഖ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്കിന്റെ നിര്‍മ്മാണം. വിക്രം മാസ്സി ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ റാസി എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 2014 ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.