‘എസ്ര’ ഹിന്ദിയിൽ എത്തുമ്പോൾ പൃഥ്വിയായി ഇമ്രാൻ ഹാഷ്മി

April 20, 2019

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ഹൊറർ ചിത്രമാണ് പൃഥ്വി നായകനായി എത്തിയ എസ്ര. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ നായകനായി വേഷമിടുന്നത് ഇമ്രാൻ ഹാഷ്മിയാണ്. നടനും സംവിധായകനുമായ പൃഥ്വി വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ബോളിവുഡിലെ മികച്ച നടൻ ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുമ്പോൾ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ.

ജയ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുന്നതും അദ്ദേഹം തന്നെയാണ്. പരസ്യ മേഖലയിൽ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ  ആദ്യ ചിത്രമായിരുന്നു എസ്ര. പൃഥ്വിരാജിനെ കൂടാതെ സുദേവ് നായർ, ടൊവിനോ തോമസ്, സിദ്ധിഖ്, പ്രിയ ആനന്ദ് എന്നിവരും എസ്രയിൽ  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.. ബോക്സ് ഓഫീസിൽ 50 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് എസ്ര.

മലയാള ചിത്രം ദൃശ്യം ഹിന്ദിയിൽക്ക് റീമേക്ക് ചെയ്ത പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും ഹിന്ദിയിലേക്ക് എത്തിക്കുന്നതും. മുംബൈയിലും മൗറീഷ്യസിലുമായി ചിത്രീകരണം നടത്തുന്ന സിനിമയുടെ നായികയുൾപ്പെടെയുള്ള മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് അണിയറ പ്രവർത്തകർ വിവരങ്ങൾപുറത്തുവിട്ടിട്ടില്ല. ഭൂഷൺ കുമാർ, കുമാർ മംഗാത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക്  എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.