വിരലുകളില്ല; ഈ ദേശീയ കൈയെഴുത്തു മത്സരത്തിലെ വിജയിക്ക്
തലവാചകം കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്. വാര്‍ത്താ ലോകത്തെ കൗതുകമായി മാറിയിരിക്കുകയാണ് സാറാ ഹിന്‍സ്ലി എന്ന പത്ത് വയസുകാരി. പെതുവെ എഴുത്ത് എന്നു പറയുമ്പോള്‍തന്നെ കൈവിരലുകളും പേനയുമൊക്കെയാണല്ലോ ആദ്യം മനസില്‍ തെളിയുക. എന്നാല്‍ സാറയുടെ കാര്യം അങ്ങനെയല്ല.
ഇരു കൈകളിലും വിരലുകലില്ലാതെയായിരുന്നു സാറയുടെ ജനനം. മേരിലാന്‍റിലെ ഫെഡ്രിക്കിലുള്ള സെന്റ് ജോണ്‍സ് റീജണല്‍ കാത്തലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാറ. പഠിക്കാന്‍ മിടുക്കി. രണ്ട് കൈകള്‍ക്കൊണ്ടും പെന്‍സില്‍ ചേര്‍ത്ത് പിടിച്ച് സാറ എഴുതും അത്രമേല്‍ മനോഹരമായി. ഒരുപക്ഷെ വിരലുകള്‍ ഉള്ളവരില്‍ പലരും എഴുതുന്നതിനേക്കാള്‍ ഭംഗിയോടെ…
ക്ലാസില്‍ അധ്യാപിക പഠിപ്പിക്കുന്നതെല്ലാം സാറ വേഗത്തില്‍ ഗ്രഹിച്ചെടുക്കാറുണ്ട്. കൂട്ടക്ഷരങ്ങള്‍ പോലും വേഗത്തില്‍ എഴുതാന്‍ അവള്‍ പഠിച്ചു. ഈ കൊച്ചു മിടുക്കിയിടുടെ കഠിനാധ്വാനവും പ്രയത്‌നവുമെല്ലാം അവളെ കൊണ്ടു ചെന്നെത്തിച്ചത് ദേശീയ കൈയെഴുത്തു മത്സരത്തിലെ വിജയി എന്ന സ്ഥാനത്ത്.
Read more:ആരും പറഞ്ഞുപോകും ‘സോ ക്യൂട്ടെന്ന്’; അത്രമേല്‍ സുന്ദരം ‘അതിര’നിലെ ഈ ഗാനം
അരേയും അതിശയിപ്പിക്കുന്ന മനോഹരമായ കൈയക്ഷരത്തില്‍ എഴുതാന്‍ മാത്രമല്ല ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാനും മിടുക്കിയാണ് സാറ. ഇതിനുപുറമെ വായനയിലും നീന്തലിലും സൈക്കിള്‍ ഓടിക്കുന്നതിലുമെല്ലാം സാറ മികവു പുലര്‍ത്തുന്നു. വിരലുകള്‍ ഇല്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ വളരെ നന്നായി ചെയ്യാന്‍ സാറയക്ക് അറിയാം. പലപ്പോഴും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കള്‍ നന്നായി കാര്യങ്ങള്‍ സാറ ചെയ്യാറുണ്ട്.
ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് സാറാ എന്ന കൊച്ചുമിടുക്കിയുടെ ജീവിതം. ജീവിതത്തിലെ വെല്ലുവിളികളില്‍ തളര്‍ന്നു വീഴാതെ ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കാന്‍ പ്രതീക്ഷകളുടെ ചിറകുകള്‍ നല്‍കുകയാണ് സാറയുടെ ജീവിതം.