അഭിനയ രംഗത്തേക്ക് ചുവടുവെച്ച് ഗോകുലം ഗോപാലൻ; ശ്രദ്ധേയമായി ‘നേതാജി’യുടെ പോസ്റ്റർ

April 13, 2019

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. ‘നേതാജി’ എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

‘നേതാജി’ എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലെത്തുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് മണി തന്നെയാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി. അതുകൊണ്ടുതന്നെ ‘നേതാജി’ എന്ന ചിത്രത്തിലും ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ചലച്ചിത്ര നിർമ്മാണ രംഗത്തും വിതരണ രംഗത്തും പ്രശസ്തിയാർജിച്ച ഗോകുലം ഗോപാലൻ ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്ന ചിത്രമാണ് നേതാജി. കായംകുളം കൊച്ചുണ്ണി, കമ്മാരസംഭവം, തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്  നിർമ്മിച്ചിരിക്കുന്നത്. ചലച്ചിത്ര നിർമാണ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഗോകുലം ഗോപാലൻ വെള്ളിത്തിരയിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read also: കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പറയുന്ന ചിത്രമാണ് നേതാജി. തുടർച്ചയായി രണ്ടു തവണ അദ്ദേഹം  ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.