കടലാക്രമണം; തീരപ്രദേശത്ത് സൗജന്യ റേഷൻ പ്രഖ്യാപിച്ചു…

April 26, 2019

കനത്ത മഴയും കടലാക്രമണവും രൂക്ഷമായതിനാൽ തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിൽ  ഇരുന്നൂറിലേറെ വീടുകളിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറിയിരുന്നു. ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരപ്രദേശത്ത് താമസിക്കുന്നവർക്ക് സൗജന്യ റേഷൻ നല്കാൻ അനുമതിയായത്.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തീരപ്രദേശത്ത് താമസിക്കുന്നവർക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്..

അതേസമയം കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് കടലിൽ പോകുന്നതിൽ നിന്നും മത്സ്യത്തൊഴിലാകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ  ഭൂമദ്ധ്യ രേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂന മർദ്ദമാണ് കടൽ ക്ഷോഭത്തിന് കാരണമാകുന്നത്.

Read also: ‘ഇത്ര സിംപിളാണ് നമ്മുടെ മെഗാസ്റ്റാർ’; വൈറലായി മമ്മൂക്കയുടെ ഡെഡിക്കേഷനെ പ്രശംസിച്ച് ഒരു കുറിപ്പ്

എന്നാൽ തിരുവനന്തപുരം കടൽത്തീരത്ത് കടലാക്രമണം രൂക്ഷമാണ്.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതുണ്ട്. ചിലയിടങ്ങളിൽ മഴ രൂക്ഷമാണ്.

അതേസമയം  കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പ്രകൃതി ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത്‌ താമസിക്കുന്നവരിൽ ചിലരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.