യാത്രകളൊക്കെ കുതിരപ്പുറത്ത്; വൈറലായി കൃഷ്ണയുടെ വീഡിയോ
പെട്രോളിനും ഡീസലിനുമൊക്കെ ദിനം പ്രതി വിലവർധിക്കുന്നത് സാധാരക്കാരെ കഷ്ടത്തിലാക്കാറുണ്ട്. എന്നാൽ എത്ര വിലവർധിച്ചാലും അതൊന്നും പ്രശ്നമല്ലാത്ത ഒരാളുണ്ട് ഇവിടെ. തൃശൂർ മാള സ്വദേശി കൃഷ്ണ. കാരണം കൃഷ്ണയുടെ യാത്രകളൊക്കെ കാറിലും ബൈക്കിലുമൊന്നുമല്ല കുതിരപ്പുറത്താണ്. ‘റാണ കൃഷ്’ എന്ന തന്റെ പ്രിയപ്പെട്ട കുതിരയുടെ പുറത്ത്.
മാളയിലെ ക്ഷേത്ര പൂജാരിയായി അജയ് കാളിന്ദിയുടെയും ഇന്ദുവിന്റയെയും മകളാണ് കൃഷ്ണ. മകളുടെ കുതിരയോടുള്ള ഇഷ്ടം മനസിലാക്കിയ അജയ് ആണ് കൃഷ്ണയ്ക്ക് കുതിരയെ സമ്മാനമായി വാങ്ങിനൽകിയത്. ഇതോടെ തന്റെ യാത്രകളൊക്കെ കുതിരപ്പുറത്താക്കി ഈ മിടുക്കി.
മാള ഹോളിക്രോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യർത്ഥിനിയാണ് കൃഷ്ണ. ബോർഡ് എക്‌സാമിന്റെ അവസാന ദിവസം കുതിരപ്പുറത്തേറി എക്സാം എഴുതാൻ പോയതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് കൃഷ്ണയും അവളുടെ റാണ കൃഷും. കുതിരയോട്ടത്തിൽ പങ്കെടുക്കണം എന്നതാണ് കൃഷ്ണയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
അതേസമയം പഠനത്തിലും മിടുക്കിയായ ഈ വിദ്യാർത്ഥിനിയ്ക്ക് പൂർണ പിന്തുണയുമായി എത്തുകയാണ് താരത്തിന്റെ അമ്മയും അച്ഛനും. ഒപ്പം കൃഷ്ണയുടെ കുതിരപ്പുറത്തുള്ള വീഡിയോ കണ്ട് ഹോഴ്സ് റൈഡേഴ്‌സ് കേരള ഗ്രൂപ്പിലെ അംഗങ്ങളും പിന്തുണയുമായി രംഗത്തുണ്ട്.
Read also: 700 ജോലിക്കാർ, മൂന്ന് മാസം; ‘കലങ്കിന്റെ’ സെറ്റ് ഉണ്ടായതിങ്ങനെ; മേക്കിങ് വീഡിയോ കാണാം…
കുതിരപ്പുറത്ത് പറക്കുന്ന കൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഈ മിടുക്കിയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. കുതിര സ്നേഹിയായ ഈ കൊച്ചുമിടുക്കിയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ യൂണിഫോമിട്ട് സ്കൂൾ ബാഗും ധരിച്ച് കുതിരപ്പുറത്ത് പരീക്ഷയെഴുതാൻ പോകുന്ന കിഷ്‌ണയുടെ വീഡിയോയാണ് വൈറലാകുന്നത്.