ബംഗളൂരുവിന് രാജകിയ വിജയം; റസലിന്റെ വെടിക്കെട്ടിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല…
ഐ പി എലിൽ കൊൽക്കത്തയെ 10 റൺസിന് കിഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനു വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ 213 റൺസ് സ്വന്തമാക്കി. അർദ്ധ സെഞ്ച്വറി നേടിയ മോയിൻ അലി കോഹ്ലിക്കു മികച്ച പിന്തുണ നൽകി. 58 പന്തിൽ നിന്നും 4 സിക്സും 9 ഫോറിന്റെയും സഹായത്തോടെ കോഹിലി സെഞ്ച്വറി തികച്ചപ്പോൾ 28 പന്തിൽ നിന്നും 66 റൺസായിരുന്നു മോയിൻ അലിയുടെ സംഭാവന. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റോയിനസ്സ് ബംഗളുരുവിന്റെ സ്കോർ 200 കടത്തി.
കൂറ്റൻ സ്കോർ പിന്തുടർന്ന കൊൽക്കത്തക്കു തുടക്കത്തിൽ തന്നെ കാര്യങ്ങൾ അനുകൂലമല്ലയിരുന്നു. ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ ഫാസ്റ്റ് ബൗളർ സ്റൈയ്ൻ പവലിയനിലേക്ക് തിരിച്ചയച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂർ വിക്കറ്റുകൾ വീഴ്ത്തി. 20 പന്തിൽ നിന്നും 9 റൺസ് എടുത്ത് ഇഴഞ്ഞു നീങ്ങിയ റോബിൻ ഉത്തപ്പ കൊൽക്കത്തയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച ആന്ദ്രേ റസലും റാണയും ബാംഗളൂർ ബോളർമാർ തലങ്ങും വിലങ്ങും പറത്തി. റസലിന്റെ കൂറ്റൻ സിക്സറുകൾ കൊൽക്കത്തക്കു വിജയ പ്രീതിക്ഷ നൽകി. 25 പന്തിൽ നിന്നും 9 സിക്സറുകൾ ഉൾപ്പെടെ റസൽ നേടിയത് 65 റൺസ്. നിതീഷ് റാണയുടെ വെടികെട്ടു ബാറ്റിങ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവർ എറിഞ്ഞ മോയിൻ അലി ബംഗളുരുവിനു വിജയം നേടി കൊടുത്തു.
തോൽവികൾ തുടർക്കഥയായ ബംഗളുരുവിന്റെ സീസണിലെ രണ്ടാം വിജയമാണിത്. നാലു പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ബാംഗളൂർ.
ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.ആദ്യ മത്സരത്തിൽ രാജസ്ഥാൻ മുബൈയെ നേരിടുമ്പോൾ, രാത്രി 8 മണിക്ക് പഞ്ചാബും ഡൽഹിയും തമ്മിൽ ഏറ്റുമുട്ടും.